കോടികള്‍ വായ്പ വേണമെങ്കില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഹാജരാക്കണം

കോടികള്‍ വായ്പ വേണമെങ്കില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഹാജരാക്കണം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: 50 കോടി രൂപയും അതിനു മുകളിലോട്ടും ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നതിന് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. വന്‍ തുകകള്‍ വായ്പ എടുത്ത ശേഷം വിദേശത്തേക്ക് മുങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് സര്‍ക്കാരിന്റെ ഈ നീക്കം. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ സമയബന്ധിതമായി നടപടികള്‍ എടുക്കാന്‍ ഇതിലൂടെ കഴിയുമെന്നും സാമ്പത്തിക സെക്രട്ടറി രാജീവ് കുമാര്‍ ട്വിറ്ററിലൂടെ പറഞ്ഞു. വജ്രവ്യാപാരി നീരവ് മോദി, മെഹുല്‍ ചോക്‌സി, കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ, ജതിന്‍ മേത്ത അടക്കമുള്ളവര്‍ കോടികള്‍ വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
നിലവില്‍ 50 കോടിക്ക് മുകളില്‍ വായ്പ എടുത്തവരോട് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ 45 ദിവസത്തിനകം ഹാജരാക്കാന്‍ ബാങ്കുകള്‍ ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടക്കുന്നവര്‍ക്കെതിരെ സമയബന്ധിത നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. വന്‍ സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിടുന്നവരുടെ ആസ്തി കണ്ടുകെട്ടാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. നൂറു കോടി രൂപയോ അതിനു മുകളിലോ സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട് പോകുന്നവരാണു ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്ലിന്റെ പരിധിയില്‍ വരിക. ഇങ്ങനെ രാജ്യം വിട്ട് പോയവരുടെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഇന്ത്യയില്‍ മാത്രമല്ല ഇവരുടെ വിദേശത്തുള്ള ആസ്തികളും കണ്ടുകെട്ടും. ഇതിനായി വിവിധ രാജ്യങ്ങളുമായി കരാറുണ്ടാക്കും. കണ്ടുകെട്ടുന്ന ഭൂമി വില്‍ക്കുന്നതിന് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയും ചെയ്യും. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് പോകുന്നവരെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡര്‍ ആയി പ്രഖ്യാപിക്കാന്‍ പ്രത്യേക കോടതികളോട് ആവശ്യപ്പെടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ പ്രഖ്യാപിച്ച ശേഷവും തട്ടിപ്പ് നടത്തിയ വ്യക്തി തിരിച്ചുവന്നാല്‍ നിയമവ്യവസ്ഥ പ്രകാരം കേസ് നടത്താനുള്ള എല്ലാ നിയമസഹായവും നല്‍കും. ബില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ത്തന്നെ പാസാക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close