അളകാ ഖാനം-
അബുദാബി: യുഎഇയില്‍ ചില സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇലേണിങ് സൗകര്യം ഏര്‍പ്പെടുത്തി. കോവിഡ് ബാധിതര്‍ക്ക് വീട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യം ഒരുക്കണമെന്ന് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
രോഗമുള്ള വിദ്യാര്‍ഥികളെ സ്‌കൂളില്‍ വിടരുതെന്നും വിദ്യാഭ്യാസ വിഭാഗവും സ്‌കൂള്‍ അധികൃതരും ഓര്‍മിപ്പിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 10% വര്‍ധനയുണ്ടെന്ന് വിവിധ സ്‌കൂള്‍ അധികൃതരും പറഞ്ഞു. കോവിഡ് കാലങ്ങളില്‍ നടത്തിയ ഹൈബ്രിഡ് പഠന രീതി ആവശ്യമെങ്കില്‍ സ്വീകരിക്കാനും അനുമതിയുണ്ട്.
കോവി!ഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥികളും അധ്യാപകരും 10 ദിവസം വീട്ടില്‍ കഴിഞ്ഞ ശേഷം സ്‌കൂളില്‍ എത്തിയാല്‍ മതി. തുടര്‍ച്ചയായി 2 പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലം ലഭിച്ചാല്‍ സ്‌കൂളിലേക്കു തിരിച്ചെത്താം. സ്‌കൂളിനകത്ത് മാസ്‌ക് നിര്‍ബന്ധം. പ്രാദേശിക, വിദേശ സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക പരീക്ഷയും ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പാദവര്‍ഷ പരീക്ഷകളും നടക്കുകയാണ്.