സ്പര്‍ശനം വേണ്ടാത്ത എടിഎമ്മുകള്‍ ഒരുങ്ങി

സ്പര്‍ശനം വേണ്ടാത്ത എടിഎമ്മുകള്‍ ഒരുങ്ങി

രാംനാഥ് ചാവ്‌ല-
മുംബൈ: കൊവിഡ്19 പകര്‍ച്ചവ്യാധി പിടിപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നത് ആളുകളില്‍ വലിയ ആശങ്കക്കിടയാക്കുകയാണ്. സമ്പര്‍ക്കമൂലം അണുബാധ ഉണ്ടാകുന്നതിനാല്‍ സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ തേയ്ച്ചും കൊവിഡ് പ്രതിരോധത്തില്‍ ആളുകള്‍ പങ്കാളികളാകുകയാണ്. എന്നിരുന്നാലും കറന്‍സി നോട്ട്, എടിഎം എന്നിവ വഴി കൊവിഡ് പടരുമെന്ന വാര്‍ത്ത ആളുകളില്‍ ഭീതി പരത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്പര്‍ശനം കൂടാതെ എടിഎമ്മില്‍നിന്ന് പണമിടപാടുകള്‍ നടത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ചില ധനകാര്യ സ്ഥാപനങ്ങള്‍.
കൊവിഡ് ഭയം അകറ്റാന്‍ സ്പര്‍ശനം വേണ്ടാത്ത എടിഎമ്മുകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. വിവിധ ബാങ്കുകളുടെ ആവശ്യപ്രകാരം എടിഎം നിര്‍മ്മാണ കമ്പനികള്‍ ഇതിന്റെ പിന്നിലായിരുന്നു. പരീക്ഷണം വിജയിച്ചതായാണ് ക്യാഷ് മാനേജുമെന്റ് സേവന ദാതാക്കളായ എജിഎസ് ട്രാന്‍സാക്റ്റ് ടെക്‌നോളജീസ് അറിയിച്ചിരിക്കുന്നത്. ഇവര്‍ എടിഎമ്മില്‍ തൊടാതെ തന്നെ പണം പിന്‍വലിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചിരിക്കുകയാണ്. അതായത് ഉപരിതലത്തില്‍ സ്പര്‍ശിക്കാതെ തന്നെ കാര്‍ഡ് ഉടമകള്‍ക്ക് എടിഎം മെഷീനിലെ സ്‌ക്രീനില്‍നിന്ന് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കാനാകും. എടിഎം മെഷീനുകളില്‍ ഈ സംവിധാനം കൊണ്ടുവരുന്നതിന് ബാങ്കുകള്‍ ഒരു സോഫ്‌റ്ര്‍വെയര്‍ സ്ഥാപിക്കേണ്ടതുണ്ട്. ചില ബാങ്കുകള്‍ക്കായി ഈ കോണ്‍ടാക്റ്റ് രഹിത സംവിധാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് എഎസ്ജി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഉപഭോക്താവിന് കഴിയും. അതില്‍ പിന്‍വലിക്കേണ്ട തുകയും എടിഎം മെഷീനില്‍ നിന്ന് പണം ലഭിക്കാനുള്ള എംപിഐഎന്‍ മാത്രം നല്‍കിയാല്‍ മതിയെന്നും എജിഎസ് ട്രാന്‍സാക്റ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രവി ബി. ഗോയല്‍ പറഞ്ഞു.
കൊറോണ വൈറസ് പടരുന്നതിന് മുമ്പ് ഐസിഐസിഐ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ വന്‍കിട ബാങ്കുകള്‍ സ്വന്തമായി ടച്ച് ലെസ് പിന്‍വലിക്കല്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നു. എന്നാല്‍ എടിഎം വഴിയുള്ള ഇടപാട് ഇല്ലാതാകുന്നതിനാല്‍ ഇവ നടപ്പിലാക്കിയില്ല.
കൊവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ വെര്‍ച്വല്‍ ബാങ്കിംഗ് പോലുള്ള സംരംഭങ്ങള്‍ സാധാരണമാകാന്‍ സാധ്യതയുണ്ട്. കൂടുതല്‍ ഇടപാടുകള്‍ സമ്പര്‍ക്കമില്ലാത്തതും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നതും ആയിരിക്കുമെന്നും രവി ബി. ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close