വിലക്കയറ്റം; നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്

വിലക്കയറ്റം; നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്

ഗായത്രി
കൊച്ചി: നിര്‍മാണസാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റവും ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ ദൗര്‍ലഭ്യവും മൂലം സംസ്ഥാനത്ത് നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഒരു വര്‍ഷത്തിനിടെ സിമന്റും കമ്പിയും ഉള്‍പ്പെടെ നിമാണ സാമഗ്രികള്‍ പലതിനും 25 ശതമാനം മുതല്‍ 80 ശതമാനം വരെ വില വര്‍ധന. സിമന്റ് കമ്പനികളുടെ ആസൂത്രിത നീക്കവും വില വര്‍ധനക്ക് കാരണമാണ്. ഇതോടെ, വീട് പണി ഉള്‍പ്പെടെ നിര്‍മാണങ്ങളുടെ ചെലവ് ഗണ്യമായി ഉയര്‍ന്നു. കരാറുകാരും പ്രതിസന്ധിയിലാണ്. ഒരു വര്‍ഷം മുമ്പ് ചതുരശ്രയടിക്ക് 1600 രൂപ മുതല്‍ 1900 രൂപ വരെയായിരുന്ന നിര്‍മാണച്ചെലവ് 1800 രൂപ മുതല്‍ 2300 രൂപ വരെയായി. സിമന്റ്, കമ്പി, കല്ല്, മെറ്റല്‍, എം സാന്‍ഡ് എന്നിവയുടെയെല്ലാം വില ഈ കാലയളവിനിടെ ഗണ്യമായി വര്‍ധിച്ചു.
350360 രൂപ വരെയായിരുന്നു ഒരു പാക്കറ്റ് സിമന്റ് വില. എ ഗ്രേഡ് വിഭാഗത്തില്‍വരുന്ന കമ്പനികള്‍ ഇത് ഒറ്റയടിക്ക് 400420 രൂപയായി. 370 രൂപ വരെയെത്തിയ ശേഷം താഴ്ന്ന വിലയാണ് ഇപ്പോള്‍ കുതിച്ചു കയറിയത്. എന്നാല്‍, കര്‍ണാടകത്തില്‍ 280290 രൂപ നിരക്കില്‍ സിമന്റ് കിട്ടും. കെട്ടിട നിര്‍മാണത്തിന് കൂടുതലായി ഉപയോഗിക്കുന്ന എട്ട് എം.എം. കമ്പി കിലേക്ക് 55 രൂപയാണ് വില. നേരത്തെ 44 രൂപക്ക് കിട്ടുമായിരുന്നു. ബ്രാന്‍ഡഡ് ഇനങ്ങള്‍ക്ക് 58 വരെയുണ്ട്. പത്ത് എം.എംന് മുകളിലുള്ള കമ്പിയുടെ വിലയും ഏതാണ്ട് ഇതേ നിരക്കിലാണ്.
പാരിസ്ഥിതികാനുമതിയുടെ പേരില്‍ ഒരു വര്‍ഷത്തോളമായി സംസ്ഥാനത്തെ 2500ഓളം ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് ആവശ്യമായ ക്വാറി, ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ 30 ശതമാനം മാത്രമേ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ദൗര്‍ലഭ്യം കൂടിയതോടെ വിലയും ഉയര്‍ന്നു.ഇതിന് പുറമെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മെറ്റലും എം. സാന്‍ഡും കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close