വെളിച്ചെണ്ണ വില കൂടി

വെളിച്ചെണ്ണ വില കൂടി

ഗായത്രി
കൊച്ചി: പെരുന്നാളിന്റെ ആവേശത്തില്‍ വെളിച്ചെണ്ണ ചൂടുപിടിച്ചത് കൊപ്ര ഉത്പാദകര്‍ക്കു നേട്ടമായി. പെരുന്നാള്‍ ആവശ്യങ്ങള്‍ക്കുള്ള വെളിച്ചെണ്ണവില്പന വിപണി ചൂടുപിടിക്കാന്‍ അവസരമൊരുക്കി. മൂന്നാഴ്ചയായി വിലത്തകര്‍ച്ചയില്‍ അകപ്പെട്ട കൊപ്രക്ക് ഈ അവസരത്തില്‍ പുതുജീവന്‍ ലഭിച്ചത് നാളികേരകര്‍ഷകര്‍ക്കു നേട്ടമായി. വെളിച്ചെണ്ണക്കു പ്രദേശിക ഡിമാന്‍ഡ് ഉയര്‍ന്നത് നിരക്കുയര്‍ത്താന്‍ മില്ലുകാരെ പ്രേരിപ്പിച്ചു. മില്ലുകാര്‍ കൂടിയ വിലക്ക് കൊപ്ര സംഭരിച്ചത് ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിലും ഉണര്‍വ് ഉളവാക്കി. വ്യവസായിക ഡിമാന്‍ഡ് മങ്ങിയതുമൂലം വാരാരംഭത്തില്‍ 11,350 ല്‍ നീങ്ങിയ കൊപ്ര പിന്നീട് 11,540ലേക്കു കയറി.
കാലവര്‍ഷം ശക്തമായതിനാല്‍ ചെറുകിട വിപണികളില്‍ കൊപ്രവരവ് കുറവാണ്. മഴ വിളവെടുപ്പ് തടസപ്പെടുത്തിയതു കണക്കിലെടുത്താല്‍ വരും ദിനങ്ങളിലും നിരക്ക് ഉയര്‍ന്ന റേഞ്ചില്‍ നീങ്ങാം. ഇതിനിടെ പാചകയെണ്ണകളുടെ ഇറക്കുമതി ഡ്യൂട്ടി വീണ്ടും വര്‍ധിപ്പിച്ചു. ശുദ്ധീകരിക്കാത്ത സൂര്യകാന്തി, സോയാ എണ്ണകളുടെ ഇറക്കുമതിത്തീരുവ വാരാന്ത്യം ഉയര്‍ത്തി. കാര്‍ഷികമേഖലക്ക് അനുകൂലമായ ഈ നീക്കം നിരക്ക് വീണ്ടും ഉയര്‍ത്താം.

Post Your Comments Here ( Click here for malayalam )
Press Esc to close