കോക്കോണിക്‌സ് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി

കോക്കോണിക്‌സ് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി

ഗായത്രി-
തിരു: ലാപ്‌ടോപ്, സെര്‍വര്‍ നിര്‍മാണ രംഗത്ത് കേരളത്തിന്റെ പൊതുസ്വകാര്യ സംയുക്ത സംരംഭമായ കോക്കോണിക്‌സ് തങ്ങളുടെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി. സര്‍ക്കാര്‍, വ്യവസായ സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് സിസി 11 ബി, സിസി 11 എ, സി 314 എ എന്നീ മൂന്നു മോഡലുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
11 ഇഞ്ച് വലിപ്പമുള്ള ടാബ്‌ലെറ്റ് കം നോട്ട് ബുക്ക് മോഡലാണ് സിസി 11 ബി. സ്ലീക് ബോഡിയും മെറ്റല്‍ കെയ്‌സും ട്രെന്‍ഡി ലുക്കുമാണ് ഇതിന്റെ സവിശേഷത. കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും എളുപ്പമായ ഈ മോഡല്‍ നിരന്തരം യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. 11 ഇഞ്ച് വലിപ്പത്തില്‍ കനം കുറഞ്ഞ സിസി 11 എ മോഡല്‍ വിദ്യാര്‍ഥികളെയാണ് ലക്ഷ്യംവെക്കുന്നത്. മുകളില്‍ നിന്നുള്ള വീഴ്ചയെയും വെള്ളത്തെയും ചെറുക്കാന്‍ ശേഷിയുള്ള മോഡലാണ് സി 314 എ. 14 ഇഞ്ച് വലിപ്പമുണ്ട്. വ്യാപാര മേഖലയ്ക്കായാണ് ഇതിന്റെ രൂപകല്‍പ്പന. എട്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കരുത്തുറ്റ ബാറ്ററി ബാക്ക് അപ്പ് എല്ലാ മോഡലുകള്‍ക്കുമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ സൗഹൃദ നയത്തിന്റെ ഭാഗമായാണ് പൊതുസ്വകാര്യ സംരംഭങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള സാങ്കേതിക രംഗത്തെ നൂതന സംരംഭമായ കോക്കോണിക്‌സിന് തുടക്കമിട്ടിരിക്കുന്നത്.
സര്‍ക്കാര്‍ പങ്കാളിത്തത്തോടെ യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി, ആക്‌സിലറോണ്‍ ലാബ്‌സ് എന്നിവ സംയുക്തമായി രൂപം കൊടുത്ത കോക്കോണിക്‌സ് രാജ്യത്തെ ഏറ്റവും പുതിയ തദ്ദേശീയ മൗലിക ഉപകരണ നിര്‍മാതാക്കളാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close