മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

ഫിദ-
തിരു: കാര്‍ഷികാവശ്യങ്ങള്‍ക്ക് എടുത്ത വായ്പകള്‍ക്കുള്ള മൊറട്ടോറിയം ദീര്‍ഘിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കാനാണ് ആലോചിക്കുന്നതെന്നും ബാങ്കേഴ്‌സ് സമിതിയുമായി നടത്തിയ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
വായ്പകള്‍ പുനഃക്രമീകരിക്കാനുള്ള സമയം ജൂലൈ 31വരെയുണ്ട്. അത് ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. പുനഃക്രമീകരിച്ച വായ്പകളുടെ മെറട്ടോറിയം ദീര്‍ഘിപ്പിക്കുന്നതിനുള്ള തീരുമാനം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് കൈക്കൊള്ളാമെന്ന് ആര്‍.ബി.ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 വരെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിച്ച് കിട്ടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കിട്ടുന്ന തരത്തിലുള്ള നടപടി ബാങ്കേഴ്‌സ് സമിതിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വേണ്ടി വന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമേയം പാസാക്കി ആര്‍.ബി.ഐക്ക് അയക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നേരിട്ട് റിസര്‍വ് ബാങ്കുമായി ബന്ധപ്പെടുവാനും അപേക്ഷ സമര്‍പ്പിക്കാനുമുള്ള നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ സമയം തേടിയിട്ടുണ്ടെന്ന് കൃഷി മന്ത്രി യോഗത്തില്‍ അറിയിച്ചു.
സര്‍ഫാസി നിയമത്തിന്റെ കടുത്ത വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുമ്പോള്‍ സര്‍ഫാസി നിയമത്തിന്റെ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കിടപ്പാടം വരെ ജപ്തി ചെയ്യുന്ന നടപടികളുമായാണ് ബാങ്കുകള്‍ മുമ്പോട്ട് പോകുന്നത്. ഈ നിയമം പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ തയാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close