ക്രിസ്മസിന് ആറു ചിത്രങ്ങള്‍

ക്രിസ്മസിന് ആറു ചിത്രങ്ങള്‍

ഫിദ
ഇത്തവണ ക്രിസ്മസ് ചിത്രങ്ങളായി തിയറ്ററുകളില്‍ എത്തുന്നത് ആറു സിനിമകള്‍. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്, പൃഥ്വിരാജിന്റെ വിമാനം, ആഷിക് അബു ടൊവിനോ തോമസ് ചിത്രം മായാനദി, ജയസൂര്യയുടെ ആട്2, വിനീത് ശ്രീനിവാസന്റെ ആന അലറലോടലറല്‍ എന്നിവയാണ് ക്രിസ്മസിന് റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍. ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന തമിഴ് ചിത്രം വേലൈക്കാരനും ക്രിസ്മസിന് തിയറ്ററുകളിലെത്തും.
മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് 21നാണ് റിലീസ് ചെയ്യുക. കാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ എഡ്ഡി എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ഗെറ്റപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. പുലിമുരുകന് ശേഷം ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവാണ്. ഉദയകൃഷ്ണയുടെ യു.കെ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്. മുഹമ്മദാണ് നിര്‍മ്മാണം. മുകേഷ്, ഗോകുല്‍ സുരേഷ് ഗോപി, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, ദിവ്യദര്‍ശന്‍, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ബിജു കുട്ടന്‍, അര്‍ജുന്‍, അശ്വിന്‍, ക്യാപ്ടന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമാ നമ്പ്യാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. ചായാഗ്രണം: വിനോദ് ഇല്ലംപള്ളി.
വിനീത് ശ്രീനിവാസന്‍ അനു സിതാര എന്നിവരെ നായികാനായകന്മാരാക്കി ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന അലറലോടലറല്‍. 22നാണ് റിലീസ്. പേര് പോലെ ആനക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വിനീത് ശ്രീനിവാസനും മനുമഞ്ജിത്തും രചിച്ച ഗാനങ്ങള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നു.
പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന വിമാനം 22നാണ് തിയറ്ററുകളില്‍ എത്തുക. തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് വിമാനം ഒരുക്കിയിരിക്കുന്നത്. ബധിരനും മൂകനുമായ സജി സ്വന്തമായി ഒരു വിമാനം നിര്‍മ്മിച്ച് പറത്തിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മാണം. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് നായിക. നെടുമുടി വേണു, അലന്‍സിയര്‍, സുധീര്‍ കരമന, പി. ബാലചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ആസിഫ് അലിയുടെ വിതരണക്കമ്പനിയായ ആദംസ് വേള്‍ഡ് ഒഫ് ഇമാജിനേഷനാണ് വിമാനം വിതരണം ചെയ്യുന്നത്. ഗോപി സുന്ദര്‍ സംഗീതവും ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2 റിലീസ് ചെയ്യുന്നത് 22നാണ്. െ്രെഫഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം ആദ്യഭാഗം ഒരുക്കിയ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നു. സംഗീതം: ഷാന്‍ റഹ് മാന്‍.
റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം 22ന് തിയേറ്ററുകളിലെത്തും. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് നായിക. സംവിധായകന്‍ അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. പ്രണയകഥയാണ് മായാനദി പറയുന്നത്. ഒ. പി. എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബുവും സന്തോഷ് ടി. കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം: റെക്‌സ് വിജയന്‍, ഛായാഗ്രഹണം: ജയേഷ് മോഹന്‍. എഡിറ്റിംഗ്: സൈജു ശ്രീധര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്.
ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം വേലൈക്കാരന്‍ 22ന് റിലീസ് ചെയ്യും. നയന്‍താരയാണ് നായിക. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം 24 എ .എം സിനിമാസിന്റെ ബാനറില്‍ ആര്‍.ഡി. രാജയാണ് നിര്‍മ്മിക്കുന്നത് പ്രകാശ് രാജ്, സ്‌നേഹ, ആര്‍.ജെ. ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ്.പി.ഐ സിനിമാസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എന്തായാലും ഇത്തവണ സിനിമയുടെ കാര്യത്തില്‍ ക്രിസ്മസ് പൊടിപൊടിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close