ഉബര്‍ മോഡലില്‍ ഇനി വിമാന സര്‍വീസും

ഉബര്‍ മോഡലില്‍ ഇനി വിമാന സര്‍വീസും

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഉബര്‍, ഒല മോഡലില്‍ രാജ്യത്ത് ചുരുങ്ങിയ ചെലവില്‍ വിമാന സര്‍വീസ് തുടങ്ങിയേക്കും. എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ കമ്പനികളാണ് 50 ശതമാനമെങ്കിലും കുറഞ്ഞനിരക്കില്‍ രാജ്യത്ത് സര്‍വീസ് തുടങ്ങാനുള്ള നീക്കവുമായി രംഗത്ത് വന്നത്. നിലവില്‍ എയര്‍ക്രാഫ്റ്റ് സേവനം നല്‍കുന്നവരെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും ഇതുനടപ്പാക്കുക. രാജ്യത്ത് നിലവില്‍ 129 ഏവിയേഷന്‍ കമ്പനികളാണുള്ളത്. ഇതില്‍ 69 കമ്പനികള്‍ക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് മാത്രമാണുള്ളത്.
ജെറ്റ് സെറ്റ് ഗോ, ഇഇസെഡ് ചാര്‍ട്ടേഴ്‌സ് തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍തന്നെ പ്രീമിയം സേവനങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി 400ഓളം പ്ലാനുകളാണ് ഇവര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഡല്‍ഹി ആസ്ഥാനമായുള്ള ഫല്‍പ്പ്‌സ് ഏവിയേഷനാണ് രാജ്യത്തെ ആദ്യത്തെ എയര്‍ ആംബുലന്‍സ് സേവനം തുടങ്ങിയത്.
ഈമാസംതന്നെ ഗുവാഹട്ടിയില്‍നിന്നും 20 ശതമാനം നിരക്കിളവോടെ ഇവര്‍ എയര്‍ ആംബലന്‍സ് സേവനം ആരംഭിക്കും. ഗുവാഹട്ടിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിന് അഞ്ച് ലക്ഷം രൂപയാണ് നിരക്ക്.
ആശുപ്രതികളുമായി ബന്ധപ്പെട്ടുമാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ എയര്‍ ആംബുലന്‍സുകള്‍ എപ്പോഴും ലഭ്യമല്ല. ഗുവാഹട്ടിക്ക് പിന്നാലെ റായ്പുര്‍, പട്‌ന, സൂററ്റ്, വിശാഖപട്ടണം, കൊച്ചി തുടങ്ങിയ നഗരങ്ങളിലും ഫല്‍പ്‌സ് ഏവിയേഷന്‍ താമസിയാതെ പ്രവര്‍ത്തനം തുടങ്ങും.

Post Your Comments Here ( Click here for malayalam )
Press Esc to close