കാത്തലിക് സിറിയന്‍ ബാങ്ക് പ്രതിസന്ധിയിലേക്ക്

കാത്തലിക് സിറിയന്‍ ബാങ്ക് പ്രതിസന്ധിയിലേക്ക്

തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്ക് ഗുരുതര പ്രതിസന്ധിയിലേക്ക്. രാജ്യത്തെ മറ്റ് ബാങ്കുകള്‍ വന്‍ ലാഭത്തിലേക്ക് നീങ്ങുമ്പോഴാണ് കാത്തലിക് സിറിയന്‍ ബാങ്കിന് ഈ ദുര്‍ഗതി വന്നത്. നിക്ഷേപവും വായ്പയും വളരാതിരിക്കുകയും കിട്ടാക്കടം പെരുകുകയും ചെയ്യുന്ന അപൂര്‍വ അവസ്ഥയിലാണ് ബാങ്ക് പോയിക്കൊണ്ടിരിക്കുന്നത്.
അതിനിടെ വില്‍പനക്കു വെച്ച 51 ശതമാനം ഓഹരി വാങ്ങാനെത്തുന്നവര്‍ ബാങ്ക് അവകാശപ്പെടുന്ന മൂല്യം കണ്ടെത്താനാവാതെ ഉപേക്ഷിച്ച് പോയി. ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന മാനേജ്മന്റെ് നയം കൂടിയായപ്പോള്‍ കാര്യങ്ങള്‍ അങ്ങേയറ്റം മോശമായി. ധനലക്ഷ്മി ബാങ്കിനു ശേഷം കേരളം ആസ്ഥാനമായ മറ്റൊരു പഴയ തലമുറ സ്വകാര്യ ബാങ്കിന്റെ നിലനില്‍പ് അപകടത്തിലായി.
2013ല്‍ 12,344 കോടി രൂപയായിരുന്ന കാത്തലിക് സിറിയന്‍ ബാങ്കിന്റെ നിക്ഷേപം 2017ല്‍ വര്‍ധിച്ചത് 2,567 കോടി രൂപ മാത്രമാണ്. ഇക്കാലത്ത് ഫെഡറല്‍ ബാങ്കിന്റെ നിക്ഷേപം 40,050 കോടിയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേത് 21,885 കോടിയും ആയി വളര്‍ന്നു. വായ്പരംഗത്തും സ്ഥിതി ഗുരുതരമാണ്. 2013ല്‍ 8,852 കോടി രൂപ വായ്പ കൊടുത്ത ഈ ബാങ്ക് 2017ല്‍ ഇതുവരെ 8,119 കോടി മാത്രമാണ് നല്‍കിയത്; 733 കോടി കുറവ്. ഇതേ കാലയളവില്‍ സമാന സ്വഭാവമുള്ള ഫെഡറല്‍ ബാങ്ക് 29,994 കോടിയും സൗത്ത് ഇന്ത്യന്‍ ബാങ്ക് 15,023 കോടിയുമാണ് 2013നെ അപേക്ഷിച്ച് അധികം നല്‍കിയ വായ്പ. കിട്ടാക്കടത്തിന്റെ തോതിലാണ് കാത്തലിക് സിറിയന്‍ ബാങ്കിന്റെ വളര്‍ച്ച.
201013ല്‍ 2.34 ശതമാനമായിരുന്ന കിട്ടാക്കടം 2017ല്‍ 7.25 ആയി. ഫെഡറല്‍ ബാങ്കില്‍ അത് 3.44 ല്‍നിന്ന് 2.33 ശതമാനമായി കുറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 1.36ല്‍നിന്ന് 2.45 ആയാണ് ഉയര്‍ന്നത്.
വായ്പ വിതരണത്തില്‍ കാത്തലിക് സിറിയന്‍ ബാങ്കിലെ ചില ഉന്നതരുടെ ഇടപെടലുകളെക്കുറിച്ച് സംഘടന ഭേദമില്ലാതെ ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്. കിട്ടാക്കടമായി തുടരുന്ന വായ്പയുടെ ജാമ്യവസ്തു പോലും തിരിച്ചു നല്‍കി മൂല്യം കുറഞ്ഞ വസ്തു ഈടായി സ്വീകരിക്കുന്ന പ്രവണത സമീപകാലത്ത് ശക്തമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ ഒരു ശതമാനം ഓഹരി വാങ്ങുമെന്ന് ഏതാണ്ട് ഉറപ്പിച്ച കനേഡിയന്‍ വ്യവസായി പ്രേം വാട്‌സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ ഫാക്‌സ് ഹോള്‍ഡിങ്‌സ് അതില്‍ നിന്ന് പിന്മാറി. സംഘടന ഭാരവാഹികളെ മുഴുവന്‍ സ്ഥലംമാറ്റിയും ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജീവനക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്ന് സര്‍ക്കുലര്‍ ഇറക്കിയും ഫെയര്‍ ഫാക്‌സിന്റെ കടന്നു വരവിനു വേണ്ടി ബാങ്കില്‍ ‘ശുദ്ധീകരണം’ നടന്നിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close