ഫിദ-
ഏലക്കാ വില ഉയര്‍ന്നു. ഇത് കഴിഞ്ഞ ദിവസം 4600 കടന്നതോടെ ശരാശരി വിലയും ഉയര്‍ന്ന വിലയും വീണ്ടും ഉയരുകയായിരുന്നു. പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നെടുങ്കണ്ടം ഹെഡര്‍ സിസ്റ്റംസ് ശനിയാഴ്ച നടത്തിയ ഏലക്ക ലേലത്തിലാണ് കൂടിയ വില 7000 രൂപയും ശരാശരി വില 4655ഉം രേഖപ്പെടുത്തിയത്. ലേലത്തിനായി പതിഞ്ഞ 26142.5 കിലോയില്‍ മുഴുവന്‍ ഏലക്കയും വിറ്റുപോയി.
ചരിത്രത്തില്‍ ആദ്യമായാണ് ഏലക്കക്ക് ഉയര്‍ന്ന വില 7000 രൂപ കിട്ടിയത്. കഴിഞ്ഞ 29ന് നെടുങ്കണ്ടം ഹെഡര്‍ സിസ്റ്റം നടത്തിയ ലേലത്തില്‍ കിലോക്ക് 6000ത്തില്‍ എത്തിയിരുന്നു. ഇതിനു ഒരാഴ്ച മുമ്പ് വണ്ടന്‍മേട് മാസ് ഏജന്‍സീസ് നടത്തിയ ഇലേലത്തില്‍ ഉയര്‍ന്ന വില കിലോക്ക് 5734 രൂപവരെ എത്തിയിരുന്നു. ഒരു കിലോക്ക് 500 രൂപയില്‍നിന്ന് 7000 രൂപയിലേക്കുള്ള ഏലത്തിന്റെ കുതിപ്പ് കര്‍ഷകര്‍ സ്വപ്‌നത്തില്‍പോലും കണ്ടതല്ല. ഉല്‍പാദനത്തില്‍ ഉണ്ടായ വന്‍ ഇടിവാണ് ഇപ്പോഴത്തെ വിലക്കുതിപ്പിന് മുഖ്യകാരണം.
പ്രളയവും വേനലും ഏലം കൃഷിക്ക് കനത്ത ഉല്‍പാദനനഷ്ടമാണ് ഉണ്ടാക്കിയത്. അടുത്ത ഉല്‍പാദന സീസണ്‍ ആരംഭിക്കാന്‍ ഇനി ഒരു മാസം കൂടി കാത്തിരിക്കണം. കൃഷി നശിച്ചതിനാല്‍ വിളവെടുപ്പ് ആരംഭിച്ചാല്‍പോലും ഡിമാന്‍ഡിന് ആവശ്യമായ തോതില്‍ ഏലക്ക മാര്‍ക്കറ്റില്‍ എത്താനും വഴിയില്ല. ഈ സാഹചര്യം വിലയിരുത്തി മാര്‍ക്കറ്റില്‍ ഏലത്തിന് വന്‍ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന സൂചനകളെ തുടര്‍ന്ന് ദീപാവലി സീസണ്‍ മുന്നില്‍കണ്ട് ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഉയര്‍ന്ന വില ക്വാട്ട് ചെയ്ത് ഏലം വാങ്ങാന്‍ മത്സരിച്ചതാണ് വില ഇത്ര ഉയരത്തിലെത്താനിടയാക്കിയത്.
വരുംദിവസങ്ങളിലും ഈ പ്രവണത തുടരാനാണ് സാധ്യത. ഏലം വില ഇത്ര ഉയരത്തിലെത്തിയെങ്കിലും കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാത്ത സ്ഥിതിയായിരുന്നു. എന്നാല്‍, ശരാശരി വിലയിലെ വര്‍ധന കൃഷിക്കാരില്‍ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തുന്നത്. പുതിയ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചാലും ഇപ്പോഴത്തെ ശരാശരി വില നിലനില്‍ക്കുമെന്നാണ് വ്യാപാരി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.