ക്യാപ്റ്റന്‍ രാജു അന്തരിച്ചു

ക്യാപ്റ്റന്‍ രാജു അന്തരിച്ചു

ഗായത്രി-
കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം സ്വഭാവനടനായും വില്ലനായും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
രണ്ടുമാസം മുമ്പ് മകന്റെ വിവഹത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ഒമാനില്‍ ഇറക്കി അവിടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് കൊച്ചിയില്‍ കൊണ്ടുവന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സ തുടരുകയായിരുന്നു.
ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ ആയിരുന്ന ക്യാപ്റ്റന്‍ രാജുവിന്റെ സ്വദേശം പത്തനംതിട്ടജില്ലയിലെ ഓമല്ലൂരാണ് . ഭാര്യ: പ്രമീള. മകന്‍: രവി .1950 ജൂണ്‍ 27ന് ഓമല്ലൂരില്‍ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായാണ് ജനനം
സുവോളജിയില്‍ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ാം വയസ്സില്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 500 ലധികം സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും.പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്’ എന്ന കമ്പനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.
സ്വഭാവ നടനായിട്ടൂം വില്ലന്‍ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റന്‍ രാജു അഭിനയിച്ചിട്ടുള്ളത്. 1997 ല്‍ ഇതാ ഒരു സ്‌നേഹഗാഥ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. വിദേശത്തുള്ള മകന്‍ എത്തിയ ശേഷം സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കും.
ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി അഞ്ഞൂറലധികം സിനിമകളില്‍ അഭിനയിച്ച ക്യാപ്ടന്‍ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close