വൈറലായ ‘ക്യാമറ വീട്’

വൈറലായ ‘ക്യാമറ വീട്’

രാംനാഥ് ചാവ്‌ല-
ബെംഗലൂരു: കുറച്ചു ദിവസമായി സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ബെംഗളൂരു സ്വദേശിയും ഫോട്ടോഗ്രാഫറുമായ രവി ഹൊങ്കലിന്റെ കുടുംബവും ക്യാമറ വീടും. ഒരു ഭീമന്‍ ഡിഎസ്എല്‍ആര്‍ ക്യാമറയുടെ രൂപത്തിലാണ് മൂന്നുനിലയുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. ആരിലും കൗതുകം ഉണര്‍ത്തുന്നതാണ് രവിയുടെ ‘ക്ലിക്’ എന്ന ക്യാമറവീട്. കര്‍ണാടക ബെലഗാവി ശാസ്ത്രിനഗറിലാണ് ഈ വീട് വച്ചിരിക്കുന്നത്. ക്യാമറകളും ഫിലിം റോളുകളുടെയുമൊക്കെ മാതൃകകള്‍ ഈ വീടിന്റെ ചുമരുകളിലും ഡിസൈനുകളിലും കാണാം. രണ്ടരവര്‍ഷം കൊണ്ട് 70 ലക്ഷം രൂപ ചെലവിട്ടാണ് രവി തന്റെ സ്വപ്‌നമായ ക്യാമറ വീട് നിര്‍മിച്ചിരിക്കുന്നത്. വിശാലമായ ഫിലിം സ്ട്രിപ്പ്, മെമ്മറി കാര്‍ഡ് എന്നിവയുടെ രൂപങ്ങളും വീടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. ക്യാമറയ്ക്കുള്ളില്‍ കഴിയുന്നത് പോലെയാണ് തങ്ങള്‍ ഇവിടെ ജീവിക്കുന്നതെന്നും രവി പറഞ്ഞു. മൂന്ന് ആണ്‍കുട്ടികളാണ് രവിക്കും ഭാര്യ കൃപാറാണിക്കും. തന്റെ തൊഴിലിനോടുള്ള സ്‌നേഹവും ആത്മാര്‍ത്ഥതയും മൂന്നുകുട്ടികള്‍ക്കും പേരിടുന്നകാര്യത്തിലും രവി കാത്തു സൂക്ഷിച്ചു. ക്യാമറയും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന ബ്രാന്‍ഡുകളായ കാനണ്‍, നിക്കോണ്‍, എപ്‌സണ്‍ എന്നീ പേരുകളാണ് രവി തന്റെ മൂന്ന് മക്കള്‍ക്ക് ഇട്ടിരിക്കുന്നത്. വീടിന്റെ ഓരോനിലയും ഓരോ മകനുമെന്നാണ് സങ്കല്‍പം. ചുമരുകളില്‍ അവരുടെ പേരും എഴുതിവെച്ചിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പായിരുന്നു ഗൃഹപ്രവേശം നടന്നത്. ഇതിനിടെയാണ് വീടിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. കഴിഞ്ഞ 33 വര്‍ഷമായി ഫോട്ടോഗ്രഫറായി ജോലി ചെയ്യുകയാണ് രവി. രവി തന്റെ സഹോദരന്റെ പാത പിന്തുടര്‍ന്ന് ഫോട്ടോഗ്രാഫി രംഗത്ത് എത്തിയത്. അന്നുമുതല്‍ അദ്ദേഹം ഉപയോഗിക്കാത്ത ക്യാമറകളില്ല എന്ന് വേണം പറയാന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES