ബൈജൂസ് ആപ്പിന്റെ മൂലധനം 1,050 കോടിയിലെത്തി

ബൈജൂസ് ആപ്പിന്റെ മൂലധനം 1,050 കോടിയിലെത്തി

ഫിദ-
കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് ആയ ‘ബൈജൂസ്’ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടി. അതായത്, ഏതാണ്ട് 1,050 കോടി രൂപ. ഖത്തര്‍ സര്‍ക്കാരിന്റെ ഫണ്ടായ ‘ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി’ (ക്യു.ഐ.എ.) യുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ നിക്ഷേപ റൗണ്ട്.

വിദ്യാഭ്യാസ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ നിക്ഷേപകരായ ‘ഔള്‍ വെഞ്ചേഴ്‌സ്’ ഒരു ഇന്ത്യന്‍ കമ്പനിയില്‍ ആദ്യമായി നിക്ഷേപിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ നിക്ഷേപ റൗണ്ടിനുണ്ട്. ഇത്തവണത്തെ നിക്ഷേപം അനുസരിച്ച് കമ്പനിയുടെ മൂല്യം 40,000 കോടി രൂപക്കടുത്തെത്തി എന്നാണ് സൂചന. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു രവീന്ദ്രന്‍. ബംഗളൂരു ആസ്ഥാനമായാണ് ബൈജൂസിന്റെ പ്രവര്‍ത്തനം.

ആഗോളതലത്തില്‍ വിപണി വിപുലമാക്കാനും വിദ്യാര്‍ഥികള്‍ക്ക് ആഗോളതലത്തിലുള്ള പഠന സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള ബൈജൂസിന്റെ വമ്പന്‍ പദ്ധതികള്‍ക്ക് ഈ നിക്ഷേപം പിന്തുണയേകും. തങ്ങളുടെ ബിസിനസിനുള്ള ശക്തമായ അടിത്തറയെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകത്തിലെ മുന്‍നിര നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടിങ് എന്ന് ബൈജൂസ് ലേണിങ് ആപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചെറു പട്ടണങ്ങളില്‍ നിന്നുപോലും 85 ശതമാനം നിരക്കില്‍ വാര്‍ഷിക പുതുക്കല്‍ നടക്കുന്നത് ഡിജിറ്റല്‍ ലേണിങ്ങിന് വന്‍ തോതില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ രംഗത്ത് പുതുമകള്‍ സൃഷ്ടിക്കുന്നവര്‍ക്കിടയില്‍ നിക്ഷേപം നടത്താനുള്ള തങ്ങളുടെ താത്പര്യമാണ് ഈ നിക്ഷേപം ചൂണ്ടിക്കാട്ടുന്നതെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സി.ഇ.ഒ. മന്‍സൂര്‍ അല്‍ മഹമൂദും ചൂണ്ടിക്കാട്ടി.

26 കോടി സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല വന്‍ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് ഔള്‍ വെഞ്ചേഴ്‌സ് മാനേജിങ് ഡയറക്ടര്‍ അമിത് പട്ടേല്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബൈജൂസ് കമ്പനി 1,430 കോടി രൂപയുടെ വരുമാനം നേടിയിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES