ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ ‘ബേണിംഗ് വെല്‍സ്’

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ ‘ബേണിംഗ് വെല്‍സ്’

ഫിദ
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാവാന്‍ ഐവി ശശിസോഹന്‍ റോയ് കൂട്ടുകെട്ടില്‍ പുതിയ സംരംഭമൊരുങ്ങുന്നു. ഇറാഖിന്റെ കുവൈത്ത് അധിനിവേശം പശ്ചാത്തലമാക്കി ഒരുക്കുന്ന ‘ബേണിംഗ് വെല്‍സ്’ എന്ന സിനിമയുമായാണ് ഇവര്‍ സിനിമാ ചരിത്രത്തില്‍ ഇടം തേടുന്നത്.
ഡാം 999 പോലുള്ള ചിത്രങ്ങളിലൂടെ പ്രസിദ്ധനായ സംവിധായകന്‍ സോഹന്‍ റോയിയുമായി കൈകോര്‍ത്താണ് ഐ.വി. ശശി പുതിയ ചിത്രം ഒരുക്കുന്നത്. 25 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലുള്ള, ഒരു വലിയ പ്രോജക്ട് ആയിരിക്കുമിത്. ചിത്രത്തിലെ നായകന്‍ ആരാണെന്നോ അഭിനേതാക്കള്‍ ആരാണെന്നോ തീരുമാനമായിട്ടില്ല. എന്നാല്‍ എല്ലാ ഭാഷകളിലെയും മികച്ച നടീനടന്മാരാണ് ഇതില്‍ അഭിനയിക്കുക.മഹാഭാരതം, ബാഹുബലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമ കാണാനിരിക്കുന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രമെന്നാണ് നിര്‍മ്മാതാവ് സോഹന്‍ റോയ് അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്് ചിത്രം ഒരുക്കുന്നത്. ഐ.വി.ശശിക്കൊപ്പം സോഹന്‍ റോയിയും തിരക്കഥാ രചനയില്‍ പങ്കാളിയാകുന്നുണ്ട്. 2019 ല്‍ 33 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.
ശശി സാറിന്റെ മനസ്സില്‍ കുവൈത്ത് യുദ്ധം പൂര്‍ണമായി പകര്‍ത്തുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. കുവൈത്തില്‍ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും ഇത്തരം ഒരു ആഗ്രഹം എന്നോടു പറയുന്നതെന്നും സോഹന്‍ റോയി പറഞ്ഞു. ഇന്‍ഡിവുഡിനു വേണ്ടി ഒരു അന്താരാഷ്ട്ര സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്കുമുണ്ടായിരുന്നു. ആ രാത്രിയിലെഴുതിയ ഒരു ചെറുകഥ ഇമോഷണല്‍ ലെവലില്‍ നിന്നു കൊണ്ട് വലിയ കാന്‍വാസിലേക്ക് അന്നേ അദ്ദേഹം ഉള്‍ക്കൊണ്ടു. സാങ്കേതിക വിദ്യാ പരീക്ഷണങ്ങളെക്കുറിച്ചും ഇപ്പോള്‍ നമ്മുടെ സിനിമാ വ്യവസായത്തില്‍ ഇത്തരത്തിലുള്ള ഒരു സിനിമ ചെയ്യാനുള്ള പോരായ്മയും വ്യക്തമാക്കി നല്‍കിയിരുന്നു. എങ്കിലും ‘ബേണിങ് വെല്‍സ്’ ലോകോത്തരമായി നിര്‍മിക്കണമെന്ന് അദ്ദേഹത്തിനും ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങളൊന്നിച്ച് ഈ സിനിമയിലേക്ക് വരുന്നത്. ചിത്രീകരണത്തിന് കുവൈറ്റ് സര്‍ക്കാരിന്റെ അനുമതി വേണ്ടതിനാല്‍ അതിന്റെ ശ്രമങ്ങള്‍ നടന്നു വരികയായെന്നും സോഹന്‍ റോയ് വ്യക്തമാക്കി.
ഒരു കുടുംബകഥയിലൂടെ ഗള്‍ഫ് വാര്‍ മുഴുവനും ചിത്രീകരിക്കും. ഇതിനിടയില്‍ ഗള്‍ഫ് വാറിനെ പ്രമേയമാക്കി പല സിനിമകളും വന്നിട്ടുണ്ട്. എന്നാല്‍ കുവൈറ്റിനെക്കുറിച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ അവിടെ നിരോധിക്കുന്ന തരത്തില്‍ എടുത്താല്‍ അതിന്റെ പര്‍പ്പസ് തന്നെ ഇല്ലാതാകും. കുവൈറ്റ് ഗവണ്‍മെന്റിന്റെ ക്ലിയറന്‍സ് കിട്ടിയ ശേഷം മാത്രമാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് സമയം എടുത്തുമാത്രമേ ഈ സിനിമ പൂര്‍ത്തിയാക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.
ഇതുവരെ ഉണ്ടായിട്ടുള്ള ഇന്ത്യയുടെ മെഗാ മൂവികളില്‍വച്ച് ഏറ്റവും വലിയ സിനിമ എന്ന രീതിയിലാണ് ‘ബേണിംഗ് വെല്‍സ്’ ചിത്രീകരിക്കുന്നത്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ സിനിമ ഷൂട്ട് ചെയ്ത് 30 ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. ഏതായാലും സിനിമാ പ്രേമികള്‍ ഉദ്വേഗത്തോടെയാണ് ഈ പ്രോജകറ്റിനെ നോക്കിക്കാണുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close