ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വിസ് സെന്ററുകള്‍ സ്വകാര്യവത്കരിക്കുന്നു

ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വിസ് സെന്ററുകള്‍ സ്വകാര്യവത്കരിക്കുന്നു

ഗായത്രി
കൊച്ചി: കോള്‍ സെന്ററുകള്‍ക്ക് പിന്നാലെ ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ സര്‍വിസ് സെന്ററുകളും സ്വകാര്യവത്കരിക്കുന്നു. ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട നടപടികളെല്ലാം സ്വകാര്യ ഏജന്‍സികള്‍ക്ക് പുറംകരാര്‍ നല്‍കാനാണ് തീരുമാനം. സര്‍ക്കിളുകള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയതിന് പുറമേ, ഏജന്‍സികളെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി. കെട്ടിടമടക്കം നിലവിലെ സൗകര്യങ്ങള്‍ ഏജന്‍സിക്ക് കൈമാറും. ഇതിനു പുറമേ, ഫ്രാഞ്ചൈസികള്‍ ആവശ്യാനുസരണം സ്വന്തംനിലക്കും സൗകര്യമൊരുക്കണമെന്നും വ്യവസ്ഥയുണ്ട്. ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ഫോണ്‍, മൊബൈല്‍ കണക്ഷന്‍ എന്നിവ സംബന്ധിച്ച പരാതികള്‍ പരിഹരിക്കലും അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കലുമടക്കം ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ചുമതലകള്‍ പൂര്‍ണമായും സ്വകാര്യ ഏജന്‍സികള്‍ക്കായിരിക്കും.
മൂലധനച്ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യവത്കരണ നീക്കമെന്ന് പറയുന്നു. ഉപഭോക്തൃ സേവനരംഗത്ത് പ്രവൃത്തിപരിചയമുള്ള വമ്പന്‍ കമ്പനികളെയാണ് പരിഗണിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് മെട്രോനഗരങ്ങളിലും തുടര്‍ന്ന് എല്ലാ സര്‍ക്കിളുകളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചന. കസ്റ്റമര്‍ സര്‍വിസ് സെന്ററുകള്‍ പൂര്‍ണമായും കൈമാറുന്നതോടെ ഈ വിഭാഗത്തിലെ ജീവനക്കാര്‍ക്കാര്‍ അധികമാവും.
എന്നാല്‍, ഇവരുടെ പുനര്‍വിന്യാസത്തെപ്പറ്റി ഇതുവരെയും അധികൃതര്‍ വ്യക്തത നല്‍കിയിട്ടില്ല. കേരള സര്‍ക്കിളിന് കീഴില്‍ മാത്രം 425 ഓളം കസ്റ്റമര്‍ സര്‍വിസ് സന്റെറുകളിലായി 2000ത്തോളം ജീവനക്കാരാണുള്ളത്. ഇതിനാല്‍ ജീവനക്കാരെ പൂര്‍ണമായും നിലനിര്‍ത്തുന്നതിനൊപ്പം സ്വകാര്യ ഏജന്‍സികള്‍ക്ക് ചുമതല നല്‍കുന്നതിലൂടെ ഇരട്ടിച്ചെലവാണ് ബി.എസ്.എന്‍.എല്ലിന് ഉണ്ടാവുക. ബി.എസ്.എന്‍.എല്ലിന്റെ വിവിധ സംവിധാനങ്ങളില്‍നിന്ന് ഘട്ടംഘട്ടമായി ജീവനക്കാരെ പുറത്താക്കുന്ന നടപടികളിലെ ഏറ്റവും ഒടുവിലത്തേതാണിത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close