ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രത്തിന് ധാരണ

ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രത്തിന് ധാരണ

ഫിദ-
കൊച്ചി: ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് തത്ത്വത്തില്‍ ധാരണയായതായി സൂചന. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും ടെലികോം വകുപ്പ് സെക്രട്ടറിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള നടപടികള്‍ക്ക് ജീവന്‍ വെച്ചത്.
നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അത് വേഗം പരിഹരിക്കാനും സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ടെന്നാണ് സൂചന. സ്‌പെക്ട്രത്തിന് അടയ്‌ക്കേണ്ട തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കും. അല്ലെങ്കില്‍ ബി.എസ്.എന്‍.എല്ലിന് ചുരുങ്ങിയത് 13000 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരുമായിരുന്നു.
അടിസ്ഥാനസൗകര്യ വികസനത്തിന് ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് പണം കണ്ടെത്തേണ്ടിവരും. 4ജി സൗകര്യത്തിനുള്ള ഉപകരണങ്ങള്‍ രാജ്യമെമ്പാടും ഒരുക്കേണ്ടതുണ്ട്. ടവറുകള്‍ സജ്ജമാക്കുകയും വേണം. ഇതിന് 8000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കമ്പനി കണക്കാക്കുന്നത്.
ഇതിന് ബാങ്കുവായ്പയാണ് ഏക ആശ്രയം. വായ്പ ലഭിക്കാന്‍ ആസ്തികള്‍ ഈട് നല്‍കാന്‍ ടെലികോം വകുപ്പ് അനുമതിപത്രം നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തെക്കുറിച്ചും വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അനുമതിപത്രം കിട്ടിയാലും ബാങ്കുകള്‍ വായ്പ അനുവദിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടിവരും. ടെലികോം മേഖലയില്‍ അനുവദിക്കാവുന്ന വായ്പയുടെ പരിധിയായ ആറു ലക്ഷം കോടി കഴിഞ്ഞതാണ് പ്രശ്‌നമാവുന്നത്. രാജ്യത്തെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ആറുലക്ഷം കോടി രൂപയില്‍ ബി.എസ്.എന്‍.എല്‍. എടുത്തിട്ടുള്ളത് 13000 കോടി മാത്രമാണ്. ബാക്കി സ്വകാര്യ കമ്പനികളാണെടുത്തിരിക്കുന്നത്.
ബി.എസ്.എന്‍.എല്‍. ആവശ്യപ്പെടുന്നത് 2100 മെഗാ ഹേര്‍ട്‌സ് ഫ്രീക്വന്‍സിയില്‍ അഞ്ച് മെഗാ ഹേര്‍ട്‌സ് ബാന്‍ഡ് വിഡ്ത്തുള്ള സ്‌പെക്ട്രമാണ്. സ്വകാര്യ കമ്പനികളുടെ കൈവശം 30 വരെ മെഗാ ഹേര്‍ട്‌സ് ബാന്‍ഡ് വിഡ്ത്ത് ഇപ്പോഴുണ്ട്. ചില സ്വകാര്യ കമ്പനികള്‍ 5ജി അനുവദിച്ചുകിട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ബി.എസ്. എന്‍.എല്ലിന് ഇനിയും 4ജി കൊടുക്കാതിരുന്നാല്‍ സര്‍ക്കാരിന് വിശദീകരണമില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങാനാണ് സാധ്യത.

 

Post Your Comments Here ( Click here for malayalam )
Press Esc to close