രാംനാഥ് ചാവ്‌ല-
ബംഗലൂരു: കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂചര്‍ ഗ്രൂപ്പിനെ വാങ്ങാനൊരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് റീടെയില്‍ മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഫ്യൂചര്‍ റീടെയില്‍, ഫ്യൂചര്‍ സപ്ലൈ ചെയിന്‍ സൊലുഷന്‍സ്, ഫ്യൂചര്‍ ലൈഫ് സ്‌റ്റൈല്‍ ആന്‍ഡ് ഫാഷന്‍ തുടങ്ങിയ കമ്പനികള്‍ ലയിച്ച് ഒറ്റ കമ്പനിയാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 15ന് നടക്കുന്ന റിലയന്‍സിന്റെ ജനറല്‍ മീറ്റിങ്ങിന് മുമ്പായി ഇതുമായി ബന്ധപ്പെട്ട കരാറില്‍ മുകേഷ് അംബാനിയും കിഷോര്‍ ബിയാനിയും ഒപ്പിടും.
ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇന്‍ഷൂറന്‍സ് വിഭാഗവും കിഷോര്‍ ബിയാനി വില്‍ക്കും. ഫ്യൂച്ചര്‍ ഗ്രൂപ്പിലെ ഓഹരി ഉടമകളായ ആമസോണ്‍, ബ്ലാക്ക്‌സ്‌റ്റോണ്‍, പ്രേംജി ഇന്‍വെസ്റ്റ്‌മെന്റ് എന്നീ കമ്പനികള്‍ക്ക് റിലയന്‍സ് ഏറ്റെടുത്താലും ഓഹരി പങ്കാളിത്തമുണ്ടാവും. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എയുടെ കണക്കുകള്‍ പ്രകാരം 12,778 കോടിയാണ് ബിയാനിയുടെ ഫ്യൂചര്‍ ഗ്രൂപ്പിന്റെ കടം. കഴിഞ്ഞ ജനുവരിയില്‍ ബോണ്ടുകളിലൂടെ ഫ്യൂചര്‍ ഗ്രൂപ്പ് പണം സ്വരൂപിച്ചെങ്കിലും പ്രതിസന്ധി മാറിയിരുന്നില്ല. ആമസോണ്‍ ഫ്യൂചര്‍ ഗ്രൂപ്പില്‍ താല്‍പര്യമറിയിച്ചിരുന്നുവെങ്കിലും റിലയന്‍സുമായുള്ള ഇടപാടാണ് കമ്പനിക്ക് ലാഭമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുകേഷ് അംബാനിക്ക് കൈമാറാന്‍ തീരുമാനിച്ചത്.