കൊവിഡ്19ന് പ്രതിരോധ വാക്‌സിനുമായി ഹൈദരാബാദ് കമ്പനി

കൊവിഡ്19ന് പ്രതിരോധ വാക്‌സിനുമായി ഹൈദരാബാദ് കമ്പനി

വിഷ്ണു പ്രതാപ്-
ഹൈദരാബാദ്: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കൊവിഡ്്19 പ്രതിരോധ വാക്‌സിന്‍ ‘കൊവാക്‌സിന്‍’ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത് ഹൈദരാബാദ് കമ്പനി. ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച് കൗണ്‍സില്‍ (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) എന്നിവയുടെ സഹകണത്തോടെ ഭാരത് ബയോടെക് എന്ന കമ്പനിയാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ ആദ്യ ഗവേഷണ ഫലങ്ങള്‍ വിജയകരമായതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ മനുഷ്യനില്‍ ഒന്നും രണ്ടും ഘട്ടം പരീക്ഷണം നടത്താന്‍ ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡി.സി.ജി.ഐ)അനുമതി നല്‍കി. ജുലായ് മാസത്തില്‍ ഒന്നും രണ്ടും ഘട്ട വാക്‌സിന്‍ പരീക്ഷണം ആരംഭിക്കും. ഹൈദരാബാദ് ജീനോംവാലിയില്‍, കമ്പനിയുടെ ബയോസേഫ്ടി ലെവല്‍3യില്‍ പ്രത്യേക സംവിധാനത്തിലാണ് തദ്ദേശീയമായ ആദ്യ വാക്‌സിന്‍ വികസിപ്പിക്കുന്നതും നിര്‍മ്മിക്കുന്നതും. വാക്‌സിന്‍ പരീക്ഷണത്തിനാവശ്യമായ കൊറോണ വൈറസ് (സ്‌ട്രെയിന്‍) വൈറോളജി ഇന്‍സ്റ്റിറ്റിയുട്ട് വേര്‍തിരിച്ചെടുത്ത ശേഷം ഭാരത് ബയോടെക്കിനു കൈമാറുകയായിരുന്നു.
രാജ്യത്ത് നിലവില്‍ വിവിധ സ്ഥാപനങ്ങളാണ് വാക്‌സിന്‍ വികസനത്തിനായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മേയ് മാസത്തില്‍ അറിയിച്ചതനുസരിച്ച് മുപ്പതോളം കമ്പനികളാണ് ഇതിനായി രംഗത്തുളളത്. സാധാരണ ഗതിയില്‍ പതിനഞ്ച് വര്‍ഷത്തോളമെടുത്താണ് ഇത്തരം പഠനങ്ങള്‍ പൂര്‍ത്തിയാക്കുക. എന്നാല്‍ ത്വരിത ഗതിയിലാണ് വാക്‌സിന്‍ ഗവേഷണം മുന്നേറുന്നത്. 300 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇതിനായി ചിലവഴിക്കുന്നത്.
മുന്‍പ് പോളിയോ, റാബീസ്, ചിക്കുന്‍ഗുനിയ, സിക, റോട്ടാ വൈറസ്, ജപ്പാന്‍ജ്വരം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഫലപ്രദമായി വാക്‌സിന്‍ വികസിപ്പിച്ച് വിജയിച്ച കമ്പനിയാണ് ഭാരത് ബയോടെക്. ലോകത്ത് നൂറോളം മരുന്നുകമ്പനികള്‍ കൊവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള കടുത്ത പ്രയത്‌നത്തിലാണ്. പല രാജ്യങ്ങളിലും മനുഷ്യരില്‍ മപരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതാദ്യമായാണ് അനുമതി ലഭിക്കുന്നത്. വാക്‌സിന്‍ നിര്‍മ്മാണത്തിലെ ആദ്യകടമ്പകള്‍ വിജയകരമായി പിന്നിട്ട് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണത്തിന് അുമതി കിട്ടിയതെന്ന് കമ്പനി ചെയര്‍മാനും എംഡിയുമായ ഡോ.കൃഷ്ണ എല്ല വ്യക്തമാക്കി.

FOR MORE DETAILS VISIT: www.bharatbiotech.com
Post Your Comments Here ( Click here for malayalam )
Press Esc to close