അടുത്ത ബാങ്ക് ലയനം പണിപ്പുരയില്‍

അടുത്ത ബാങ്ക് ലയനം പണിപ്പുരയില്‍

ഗായത്രി-
കൊച്ചി: എന്‍.ഡി.എ സര്‍ക്കാറിന്റെ അടുത്ത പൊതുമേഖല ബാങ്ക് ലയനം പണിപ്പുരയില്‍. പ്രഖ്യാപനം തെരഞ്ഞെടുപ്പിന് മുമ്പ് വേണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം, ലയിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ബാങ്കുകളുടെ പൊതുസ്ഥിതി കേന്ദ്ര ധനമന്ത്രാലയം വിശദമായി ശേഖരിച്ച് തുടങ്ങിയതായാണ് വിവരം. പഞ്ചാബ് നാഷനല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് എന്നിവയാണ് ലയന പട്ടികയിലുള്ളത്. മന്ത്രിതല ഉപസമിതി ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.
പൊതുമേഖല ബാങ്ക് ലയനത്തിന്റെ മൂന്നാം ഘട്ടത്തിനാണ് കേന്ദ്രം ഒരുങ്ങുന്നത്. എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.ഐയില്‍ ലയിപ്പിച്ച ഒന്നാം ഘട്ടത്തിന് ശേഷം ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനം പ്രഖ്യാപിച്ചു. വൈകാതെ ഇത് പ്രായോഗികതലത്തില്‍ വരും. ബാങ്ക് ഓഫ് ബറോഡയുടെ പേരാണ് നിലനിര്‍ത്തുക. അതേസമയം, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ലയനത്തിനെതിരെ നിലപാട് കടുപ്പിക്കുകയും ബറോഡവിജയദേന ലയന തീരുമാനത്തിനെതിരെ ആള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
പഞ്ചാബ് നാഷനല്‍, പഞ്ചാബ് ആന്റ് സിന്ധ് എന്നിവയുടെ ആസ്ഥാനം ഡല്‍ഹിയിലും ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സിന്‍േറത് ഹരിയാനയിലെ ഗുരുഗ്രാമിലുമാണ്. ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദ കണക്കനുസരിച്ച് പി.എന്‍.ബിയുടെ കിട്ടാക്കട അനുപാതം 8.22 ശതമാനവും ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സിേന്റത് 7.15 ശതമാനവും പഞ്ചാബ് ആന്റ് സിന്ധിന്‍േറത് 5.22 ശതമാനവുമാണ്. മൂന്ന് ബാങ്കുകളും ചേര്‍ന്ന് 16.5 ലക്ഷം കോടിയുടെ ബിസിനസുണ്ട്.
രത്‌ന വ്യാപാരികളായ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും നടത്തിയ വായ്പ തട്ടിപ്പില്‍ ഉലഞ്ഞ പഞ്ചാബ് നാഷനല്‍ ബാങ്ക് ഡിസംബറിലെ കണക്കെടുപ്പില്‍ ലാഭം രേഖപ്പെടുത്തിയിരുന്നു. പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദത്തില്‍ വന്‍ നഷ്ടം രേഖപ്പെടുത്തിയെങ്കിലും റിസര്‍വ് ബാങ്ക് ‘വെറുതെ വിട്ടു’. അതേസമയം, 2017 ഒക്‌ടോബര്‍ മുതല്‍ റിസര്‍വ് ബാങ്കിന്റെ തിരുത്തല്‍ നടപടി നേരിടുന്ന ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സിന് നിയന്ത്രണങ്ങളില്‍ അടുത്ത കാലത്ത് ഇളവനുവദിച്ചിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.