പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം കുമിഞ്ഞു കൂടുന്നു

പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം കുമിഞ്ഞു കൂടുന്നു

ഗായത്രി
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം 87,357 കോടി രൂപയെന്ന് കണക്കുകള്‍. വിവാദച്ചുഴിയില്‍പ്പെട്ട പി.എന്‍.ബിയാണ് നഷ്ടത്തില്‍ ഏറ്റവും മുന്നില്‍. ആകെയുള്ള 21 പൊതുമേഖലാ ബാങ്കുകളില്‍, 19 ബാങ്കുകളുടെയും കൂടി നഷ്ടക്കണക്കാണിത്. രണ്ടെണ്ണം
മാത്രം വാര്‍ഷികനാലാം പാദ ഫലങ്ങളില്‍ ലാഭം കാണിച്ചു. 201617 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ പൊതുമേഖലാ ബാങ്കുകളും കൂടി 474 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണിത്.
ബാങ്കിംഗ് മേഖലയെ മാത്രമല്ല, രാജ്യത്തിന്റെ മൊത്തം കോര്‍പ്പറേറ്റ് മേഖലയുടെ പ്രകടനത്തെയും ഇത് കാര്യമായി ബാധിച്ചു. ‘എസ് ആന്‍ഡ് പിബി.എസ്.ഇ 500’ ഇന്‍ഡക്‌സില്‍ നഷ്ടം രേഖപ്പെടുത്തിയ ആദ്യ 10 കമ്പനികളില്‍ ഒന്‍പതെണ്ണവും പൊതുമേഖലാ ബാങ്കുകളാണ് എന്നതാണ് ആശങ്കാജനകമായ വസ്തുത. ഇതില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മാത്രമാണ് ബാങ്കിംഗ് മേഖലക്ക് പുറത്തുള്ള ഒരേയൊരു കമ്പനി.
നീരവ് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുരുങ്ങിയ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 12,283 കോടി രൂപയാണ്. വാര്‍ഷിക നഷ്ടം 8,238 കോടി രൂപയായ ഐഡിബിഐ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 6,547 കോടി രൂപയുമായി മൂന്നാം സ്ഥാനത്തുണ്ട്.
ഇക്കാലയളവില്‍ ഇന്ത്യന്‍ ബാങ്ക് 1,259 കോടി രൂപയും വിജയ ബാങ്ക് 727 കോടി രൂപയും ലാഭം രേഖപ്പെടുത്തി. കിട്ടാക്കടത്തിനും ജീവനക്കാരുടെ വേതനത്തിനും വേണ്ടി കൂടുതല്‍ തുക നീക്കി വെയ്‌ക്കേണ്ടി വന്നതാണ് നഷ്ടം ഉയരാന്‍ കാരണമെന്നാണ് ബാങ്കുകളുടെ വിശദീകരണം.
ഡിസംബര്‍ 2017 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ മൊത്തം കിട്ടാക്കടം 8.31 ലക്ഷം കോടിയാണ്. റിസര്‍വ് ബാങ്ക് ഇപ്പോള്‍ പൊതുമേഖലാബാങ്കുകളില്‍ 11 എണ്ണത്തിനെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്നാണിത്. ആറു ബാങ്കുകള്‍ കൂടി ഈ ലിസ്റ്റില്‍ ഉടന്‍ ഉള്‍പ്പെടുത്താന്‍ ആര്‍ബിഐ ആലോചിക്കുന്നുണ്ട്.
നഷ്ടം ഉയര്‍ന്നതോടെ പാപ്പരത്ത നിയമത്തിന്റെ സഹായത്താല്‍ കിട്ടാക്കടം വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ബാങ്കുകള്‍. ആദ്യ പാദത്തില്‍ 8000 കോടി രൂപ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് പി.എന്‍.ബി പ്രതീക്ഷിക്കുന്നത്. അതേസമയം, എസ്ബിഐ 30,000 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close