പലിശ നിരക്കിന്റെ ചുവട് പിടിച്ച് കമ്പോളങ്ങളില്‍ ഉണര്‍വ്

പലിശ നിരക്കിന്റെ ചുവട് പിടിച്ച് കമ്പോളങ്ങളില്‍ ഉണര്‍വ്

ഫിദ
കൊച്ചി: കേന്ദ്രബാങ്ക് പലിശനിരക്കില്‍ വരുത്തിയ ഭേദഗതി ഓഹരിവിപണി ആഘോഷമാക്കി. പ്രതീക്ഷിച്ചപോലെതന്നെ വിദേശഫണ്ടുകള്‍ വില്‍പ്പന ചുരുക്കി വാങ്ങലുകാരായത് പ്രാദേശിക നിക്ഷേപകരെ വരുംദിനങ്ങളില്‍ വിപണിയിലേക്ക് അടുപ്പിച്ചേക്കും. തുടര്‍ച്ചയായ രണ്ടാം വാരവും തിളങ്ങിയ സെന്‍സെക്‌സും നിഫ്റ്റിയും പക്ഷേ, സാങ്കേതികമായി ഒരു തിരുത്തലിനുള്ള തയാറെടുപ്പിലാണ്. പോയവാരം ബോംബെ സൂചിക 216 പോയിന്റും നിഫ്റ്റി 71 പോയിന്റും നേട്ടത്തിലാണ്, രണ്ടാഴ്ചകളില്‍ ഇവ യഥാക്രമം 518 പോയിന്റും 162 പോയിന്റും മുന്നേറി.
ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് വിദേശഫണ്ടുകളെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ശ്രദ്ധതിരിക്കാന്‍ പ്രേരിപ്പിച്ചു. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങള്‍ കഴിഞ്ഞവാരം 2131.56 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ചാഞ്ചാട്ടം. 66.99 ല്‍ ഇടപാടുകള്‍ക്കു തുടക്കംകുറിച്ച രൂപ ഒരവസരത്തില്‍ 67.78 വരെ ദുര്‍ബലമായ ശേഷം ക്ലോസിംഗില്‍ 67.51ലാണ്. കാലവര്‍ഷം അനുകൂലമായത് നിക്ഷേപസാഹചര്യം കൂടുതല്‍ ശക്തമാക്കാം. ഏപ്രില്‍മേയ് കാലയളവില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 24,479 കോടി രൂപയുടെ നിക്ഷേപം നടത്തി. ഏപ്രിലില്‍ 12,409 കോടി രൂപയുടെയും മേയില്‍ 12,070 കോടി രൂപയുടെയും നിക്ഷേപം നടന്നു.
ബോംബെ സെന്‍സെക്‌സ് 34,78435,628 പോയിന്റ് റേഞ്ചില്‍ ചാഞ്ചാടിയ ശേഷം വാരാന്ത്യം 35,443 പോയിന്റിലാണ്. ഇന്ന് ഇടപാടുകളുടെ തുടക്കത്തില്‍ ആദ്യതടസം 35,490 പോയിന്റിലാണ്. ഇതു മറികടന്നാല്‍ 35,78636,129നെ ലക്ഷ്യമാക്കി സെന്‍സെക്‌സ് സഞ്ചരിക്കാം. എന്നാല്‍, ആദ്യതടസത്തില്‍ തന്നെ കാലിടറിയാല്‍ 34,942ല്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമം നടക്കും. ഇതും നിലനിര്‍ത്താനായില്ലെങ്കില്‍ സൂചിക 34,44134,098 റേഞ്ചിലേക്ക് സാങ്കേതിക പരീക്ഷണങ്ങള്‍ക്കു മുതിരാം.
വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങള്‍ വിലയിരുത്തിയാല്‍ സെന്‍സെക്‌സിന്റെ ഡെയ്‌ലി ചാര്‍ട്ടില്‍ പാരാബോളിക് എസ്എആര്‍, എംഎസിഡി എന്നിവ ബുള്ളിഷാണ്. എന്നാല്‍ സൂപ്പര്‍ ട്രെന്‍ഡ്, സ്‌റ്റോക്കാസ്റ്റിക് ആര്‍എസ്‌ഐ 14, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്, സ്ലോ സ്‌റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവര്‍ ബോട്ടായതിനാല്‍ തിരുത്തലിനു സാധ്യത കാണുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close