രാത്രി നഗരത്തില്‍ ഒറ്റപ്പെടുന്ന പെണ്‍കൊടിമാരുടെ കഥ പറഞ്ഞ് ‘ബംഗാളി’

രാത്രി നഗരത്തില്‍ ഒറ്റപ്പെടുന്ന പെണ്‍കൊടിമാരുടെ കഥ പറഞ്ഞ് ‘ബംഗാളി’

ഫിദ
രാത്രിയില്‍ ഒറ്റപ്പെട്ട നിലയില്‍ നഗരത്തിലെത്തിപ്പെടുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ദുരിതങ്ങളും പ്രമേയമാക്കി ചിത്രീകരിക്കുന്ന ബംഗാളി എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു. മാതമംഗലം കക്കറ സ്വദേശി പ്രശാന്ത് പ്രസന്നനാണ് സംവിധാനവും തിരക്കഥയും ഒരുക്കുന്നത്. കാന്റില ഫ്രെയിംസാണ് നിര്‍മാണം. റിയാസ് കെ.എം.ആര്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം ദീപികയാണ് നായിക. അഞ്ജലി എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് ദീപികക്ക്. അഞ്ജലിയുടെ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കണ്ണിലുണ്ണിയായ മലയാളം പ്രൊഫസര്‍ ശ്രീരാജ് എന്ന കഥാപാത്രമായാണ് റിയാസ് വേഷമിടുന്നത്. ബംഗാളികള്‍ കേരളത്തില്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതവും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്
നഗരത്തില്‍ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിയുടെ ജീവിതം കഴിഞ്ഞ ദിവസം രാത്രി അഞ്ചു ഒളിക്യാമറകളിലായാണ് ചിത്രീകരിച്ചത്. നഗരത്തില്‍ ബസിറങ്ങിയ പെണ്‍കുട്ടി സീബ്രാ ലൈന്‍ ക്രോസ് ചെയ്തു ബസ്സ്റ്റാന്റ്് ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നിലുള്ള തെരുവ് വിളക്കിന് മുന്നില്‍ അച്ഛന്റെ വരവും കാത്ത് നില്‍ക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. നഗരത്തിലെ ഉയര്‍ന്ന രണ്ടു കെട്ടിടങ്ങളുടെ മുകളിലും കാറുകളിലുമായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. പെണ്‍കുട്ടി തനിച്ച് നില്‍ക്കുന്നത് കണ്ട് അത് വഴി ഇരുചക്ര വാഹനങ്ങളില്‍ കടന്നു പോയ ചിലരുടെ തുറിച്ച നോട്ടവും അംഗവിക്ഷേപങ്ങളും ബസില്‍ വന്നിറങ്ങിയ ചില പൂവാലന്മാരുടെ ചുറ്റിത്തിരിയലുമെല്ലാം ക്യാമറകള്‍ ഒപ്പിയെടുത്തു. ഒന്നര മണിക്കൂറോളം ഓണ്‍ക്യാമറയിലായിരുന്നു രംഗങ്ങള്‍ പകര്‍ത്തിയത്.നഗരരംഗങ്ങള്‍ ചിത്രീകരിക്കുന്ന സീനുകളില്‍ സാരംഗ് തലമുണ്ട, രാഹുല്‍ മോഹന്‍, അവിനാശ് മുക്കുന്ന്, ആദര്‍ശ് എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. റിയാസ് കെ.എം.ആര്‍, ഉജിത്ത് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഈ രംഗങ്ങളില്‍ കോഡയറക്ടര്‍മാരായും പ്രവര്‍ത്തിച്ചു. പയ്യന്നൂര്‍, പിലാത്തറ, മാടായിപ്പാറ, കണ്ണൂര്‍ എന്നിവിടങ്ങളിലും ചിത്രീകരിക്കുന്ന ബംഗാളി ഓണത്തിന് മുമ്പ് ഗ്രാമീണ ടാക്കീസുകള്‍ വഴി പ്രദര്‍ശനത്തിനെത്തും.

Post Your Comments Here ( Click here for malayalam )
Press Esc to close