പുതു മോഡലുമായി ബജാജ് ഡൊമിനര്‍ 400

പുതു മോഡലുമായി ബജാജ് ഡൊമിനര്‍ 400

ഗായത്രി-
ബജാജ് ഡൊമിനര്‍ 400ന്റെ പുതിയ മോഡല്‍ വരുന്നു. ബൈക്കിന്റെ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളും പുതിയ ഡൊമിനറില്‍ ഉണ്ടാകുമെന്നാണ് സൂചന.നിലവില്‍ വിവിധ ബജാജ് ഡീലര്‍ഷിപ്പുകള്‍ പുതിയ ഡോമിനാറിനുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പുതിയ ഡൊമിനറില്‍ 7000 ആര്‍പിഎമ്മില്‍ 35 എന്‍എം ടോര്‍ക്ക് ലഭിക്കും. നേരത്തെ 6500 ആര്‍പിഎമ്മിലായിരുന്നു ഇത്രയും ടോര്‍ഖ് ലഭിച്ചിരുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്‌സ് തന്നെയാണ് ട്രാന്‍സ്മിഷന്‍.
ഡ്യൂക്കിന്റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ നിലവിലെ 373.2 സിസി എന്‍ജിന്‍ തുടരുമെങ്കിലും 8650 ആര്‍പിഎമ്മില്‍ 39.9 ബിഎച്ച്പി പവര്‍ ലഭിക്കുന്ന വിധമാവും പുതിയ ഡൊമിനറിന്റെ എന്‍ജിന്‍ ട്യൂണിങ്. നേരത്തെ ഇത് 8000 ആര്‍പിഎമ്മില്‍ 35 ബിഎച്ച്പി ആയിരുന്നു.
അതേസമയം ബൈക്കിന്റെ ആകെ വീതി 813 എംഎമ്മില്‍ നിന്ന് 836 ആയി ഉയര്‍ന്നു. വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ്, നീളം, ഉയരം എന്നിവയെല്ലാം പഴയപടി തുടരും. ബൈക്കിന്റെ ഭാരം നേരത്തെയുള്ളതിനെക്കാള്‍ 2.5 കിലോഗ്രാം കൂടും.
184.5 കിലോഗ്രാമായിരിക്കും ബൈക്കിന്റെ ആകെ ഭാരം. ബൈക്കിന്റെ ഇന്‍സ്ട്രൂമെന്റ് ക്ലസ്റ്ററില്‍ നിരവധി മാറ്റങ്ങളുണ്ടാകും. ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈനും ഡൊമിനറിനെ സ്‌പോര്‍ട്ടിയാക്കും. നിലവില്‍ 1.63 ലക്ഷം രൂപ മുതലാണ് ഡോമിനാറിന്റെ എക്‌സ്‌ഷോറൂം വില. പുതിയ പതിപ്പിന് ഏകദേശം 15,000 രൂപയോളം വര്‍ധിക്കുമെന്നാണ് സൂചന.

 

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.