ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

ഗായത്രി-
കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന്‍ (59) അന്തരിച്ചു. അര്‍ബുദരോഗത്തിനു ചികിത്സയിലായിരുന്ന ബാബു നാരായണന്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. അനില്‍ ബാബു എന്ന ഇരട്ട സംവിധായകരില്‍ ഒരാളാണ്. സംവിധായകന്‍ ഹരിഹരന്റെ സഹായിയായാണ് സിനിമയില്‍ ബാബു നാരായണന്റെ തുടക്കം. അക്കാലത്ത് പി.ആര്‍.എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അനഘയാണ് ആദ്യത്തെ സിനിമ. പിന്നീട് പുരുഷന്‍ ആലപ്പുഴയുടെ കഥയില്‍ പൊന്നരഞ്ഞാണം എന്ന ചിത്രം സംവിധാനം ചെയ്തു. ആ സമയത്താണ് അനിലിന്റെ പോസ്റ്റ് ബോക്‌സ് നമ്പര്‍ 27 എന്ന ചിത്രത്തില്‍ അസോസിയേറ്റാവുന്നത്. ആ പരിചയം സൗഹൃദമായി വളരുകയും അവര്‍ സംവിധാന ജോഡികളായി മാറുവാന്‍ തീരുമാനിക്കുകയും ചെയ്തു.
അങ്ങനെ അനില്‍ ബാബു എന്ന കൂട്ടുകെട്ട് മലയാള സിനിമയിലുണ്ടായി. വെല്‍ക്കം ടു കൊടൈക്കനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാല്‍, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം, ഇങ്ങനെ ഒരു നിലാപക്ഷി, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ ആ കൂട്ടുകെട്ടില്‍ നിന്നും പിറന്നു. 2004 ല്‍ ഇറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടിലെ അവസാന ചിത്രം.
ഒരിടവേളയ്ക്ക് ശേഷം മംമ്തയെ നായികയാക്കി സംവിധാനം ചെയ്ത ടു നൂറാ വിത്ത് ലൗ എന്ന സിനിമ ബാബു നാരായണന്‍ ഒറ്റക്കു സംവിധാനം ചെയ്തു. 2014 ല്‍ പുറത്തു വന്ന ഈ ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ. നടി ശ്രവണ മകളാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close