‘അവന്തികയുടെ വീട്’ ഒന്നല്ല, ഒരായിരം സന്ദേശങ്ങളുമായി സൈനപ്ലേ ഒടിടിയില്‍

‘അവന്തികയുടെ വീട്’ ഒന്നല്ല, ഒരായിരം സന്ദേശങ്ങളുമായി സൈനപ്ലേ ഒടിടിയില്‍

കുഞ്ഞുങ്ങളോടുള്ള മുതിര്‍ന്നവരുടെ സമീപനം വിഷയമാക്കി, നഷ്ട ബാല്യത്തിന്റെ കഥ പറയുന്ന ‘അവന്തികയുടെ വീട്’ എന്ന, സിനിമ, സൈന ഒടിടി പ്ലാറ്റ്‌ഫോമില്‍ വിജയകരമായി മുന്നേറുന്നു. ഒമാനിലെ ഒരു കൂട്ടം കലാകാരന്മാരും കലാകാരികളും ചേര്‍ന്നാണ് സിനിമയൊരുക്കിയത്.

ഈയിടെ നടന്ന റിലീസിനു മുന്നോടിയായി ലിബര്‍ട്ടി പാരഡൈസസ് തിയറ്ററില്‍ നടന്ന പ്രീവ്യൂ ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിച്ചു.

പൂര്‍ണമായും മസ്‌കത്തില്‍ ചിത്രീകരിച്ച 65 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ, യന്ത്രവല്‍കൃത ലോകത്ത്, സാമൂഹ്യ മാധ്യമങ്ങളില്‍ ജീവിക്കുന്ന രക്ഷിതാക്കളുടെ ഇടയില്‍ ബാല്യം നഷ്ടപ്പെടുന്ന ഒരു പെണ്‍ കുട്ടിയുടെ കഥയാണ്.

എം ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തലശ്ശേരി സ്വദേശിയും മസ്‌കത് വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ഒമാന്‍ ഒബ്‌സെര്‍വര്‍ പത്രത്തിലെ സീനിയര്‍ ജേര്‍ണലിസ്റ്റുമായ കബീര്‍ യൂസുഫ് രചനയും സംവിധാനവും നിര്‍വഹിച്ച അവന്തികയുടെ വീട്, യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത സിനിമാ-സീരിയല്‍ നടി പ്രിയ മേനോന്‍ ഒരു മുഖ്യ വേഷത്തിലെത്തുന്ന സിനിമയില്‍, ദിനേശ് എങ്ങൂര്‍, ശരത് പാലാട്ട് എന്നിവരും പ്രാമുഖ്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

യൂണിസെഫ് പ്രതിനിധിയും പ്രഗത്ഭ മാന്ത്രികനുമായ ഗോപിനാഥ് മുതുകാട് ആണ് ഈ സിനിമയുടെ അവതാരകന്‍.

മിശ്ര വിവാഹത്തിന്റെയും, ജോലിചെയ്യുന്ന ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഈഗോ സംഘട്ടനങ്ങളുടെയും, അതിനിടയില്‍ ബാല്യം നഷ്ടപ്പെടുന്ന അവന്തിക എന്ന പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഈ സിനിമയില്‍, മൊബൈല്‍ ഫോണിനടിമയായ കുഞ്ഞുങ്ങളുടെയും, ഗള്‍ഫില്‍ സുഹൃത്താല്‍ വഞ്ചിക്കപ്പെട്ടു വാച്ച്മാന്‍ ആവേണ്ടി വന്ന കോടീശ്വരന്റെയും, ഗള്‍ഫില്‍ സജീവമായ മലയാളി സ്വകാര്യ ടാക്‌സി ഡ്രൈവര്‍മാരുടെയും കഥകളുണ്ട്. വീട്ടില്‍ നിന്നും അന്യമായ സ്‌നേഹം നമ്മുടെ കുഞ്ഞുങ്ങള്‍ കിട്ടുന്നിടത്തു നിന്നെന്നാം ആവോളം സ്വീകരിക്കുമെന്നുമുള്ള സന്ദേശമാണ് ഈ ചെറിയ വലിയ സിനിമ നല്‍കുന്നത്.

റീഹത് അല്‍ സഹ്റ, ലോവെല്‍ എടത്തില്‍, ഷീന ഹിരണ്‍, ഡോക്ടര്‍ ജെ രത്‌നകുമാര്‍, അനിതാ രാജന്‍, അജയ് രാജ്, ചാന്ദ്‌നി മനോജ്, പ്രകാശ് വിജയന്‍, മീരജ്, സലീഷ്, ജയകുമാര്‍ വള്ളികാവ് എന്നിവരെ കൂടാതെ പാകിസ്താനി നടി അസ്ര അലീം പ്രധാന വേഷങ്ങള്‍ ചെയ്ത സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നു നിര്‍മാതാക്കളായ MGM എഡ്യൂക്കേഷണല്‍ ഇന്‍സ്ടിട്യൂഷന്‍സ് പ്രതിനിധികള്‍ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന്‍, ജാബ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക പ്രദര്‍ശനം നടത്തുന്നതിനായി ചില സ്‌കൂളുകള്‍ സമീപിച്ചതായി കബീര്‍ യൂസുഫ് പറഞ്ഞു.
പ്രശസ്ത ഛായാഗ്രാഹകന്‍ സത്യദാസ് കിടങ്ങൂര്‍, ശരത് ചന്ദ്രന്‍ എന്നിവര്‍ അവന്തികയുടെ വീട് അഭ്രപാളികളില്‍ പകര്‍ത്തിയിരിക്കുന്നു. എം വി നിഷാദ് ആണ് എഡിറ്റിംഗ്. സായി ബാലന്‍ കോഴിക്കോട് പശ്ചാത്തല സംഗീതവും പി സി ജാഫര്‍ കളറിങ് എന്നിവയും നിര്‍വഹിച്ചിരിക്കുന്നു.
ബബിത ശ്യാം, അനുപമ എന്നിവര്‍ ആലപിച്ച ഗാനങ്ങളും, മഞ്ജു നിഷാദ് ആലപിച്ച പശ്ചാത്തല ഗാനവും, കണ്ണൂര്‍ ജില്ലക്കാരിയായ ചാന്ദ്‌നി മനോജ് രചിച്ച് ദീപ്തി രാജേഷ് കമ്പോസ് ചെയ്താലപിച്ച കവിതയും അവന്തികയുടെ വീടിന്റെ സവിശേഷതകളാണ്.

സിനിമയിലെ ഓരോ കഥാപാത്രങ്ങളും നമുക്കിടയില്‍ തന്നെ ജീവിക്കുന്നവരാണെന്നും, വീട്ടില്‍ കുഞ്ഞുങ്ങളുള്ള ഓരോ മാതാപിതാക്കളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് അവന്തികയുടെ വീട് എന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു.

Post Your Comments Here ( Click here for malayalam )
Press Esc to close