അസൂസ് സെന്‍ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്

അസൂസ് സെന്‍ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്

ഫിദ-
അസൂസിന്റേതായി പുറത്തിറങ്ങുന്ന ‘സെന്‍’ ബ്രാന്റിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് വിലക്ക്. ഡല്‍ഹി ഹൈക്കോടതിയാണ് സെന്‍ ബ്രാന്റിലുള്ള ഉല്‍പന്നങ്ങളുടെ വില്‍പന തടഞ്ഞ് ഇടക്കാല ഉത്തരവിറക്കിയത്. എട്ട് ആഴ്ചയാണ് വിലക്ക്. സ്മാര്‍ട്‌ഫോണ്‍, ടാബ് ലെറ്റ്, മറ്റ് ഉപകരണങ്ങള്‍ എന്നിവക്കെല്ലാം ഈ വിലക്ക് ബാധകമാവും. വിലക്കിനെ തുടര്‍ന്ന് രാജ്യത്ത് ഏറെ പ്രചാരമുള്ള സെന്‍ഫോണ്‍ സ്മാര്‍ട്‌ഫോണുകളുടെ വില്‍പന നിര്‍ത്തിവെക്കേണ്ടി വരും.
അസൂസ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന ‘സെന്‍’ ട്രേഡ് മാര്‍ക്കിന് മേല്‍ അവകാശം ഉന്നയിച്ചുകൊണ്ട് ടെലികെയര്‍ നെറ്റവര്‍ക്ക് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ കേസില്‍ ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.
ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടി ‘സെന്‍’ എന്ന ട്രേഡ്മാര്‍ക്ക് തങ്ങള്‍ 2008 ല്‍ സ്വന്തമാക്കിയതാണ് എന്ന് ടെലികേയര്‍ പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ 2014 ലാണ് അസൂസ് സെന്‍ ബ്രാന്റിലുള്ള സെന്‍ഫോണ്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. സെന്‍ഫോണിന് പിന്നാലെ സെന്‍ബുക്ക് എന്ന് വിന്‍ഡോസ് കംപ്യൂട്ടറുകളും അസൂസ് പുറത്തിറക്കി.
സമാനമായ ട്രേഡ്മാര്‍ക്ക് ആണ് ഇരു കമ്പനികളും ഉപയോഗിക്കുന്നത് എന്ന് പ്രദമദൃഷ്ട്യാ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കോടതി സെന്‍ ബ്രാന്റ് ഉല്‍പന്നങ്ങളുടെ വില്‍പ്പന തടഞ്ഞത്. ടെലികെയറും സെന്‍ഫോണ്‍ എന്ന പേരില്‍ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നുണ്ട്. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് അവര്‍ വാദിക്കുന്നു.
എന്തായാലും കോടതി വിധി പാലിക്കേണ്ടതുള്ളതിനാല്‍ വിപണിയിലുള്ള എല്ലാ സെന്‍ ബ്രാന്റ് ഉല്‍പ്പന്നങ്ങളുടേയും വില്‍പന അസൂസ് നിര്‍ത്തിവെക്കേണ്ടി വരും. കേസില്‍ വ്യക്തമായ വാദം ഉന്നയിച്ച് പരിഹാരം കണ്ടില്ലെങ്കില്‍ വിലക്ക് തുടരും.

Post Your Comments Here ( Click here for malayalam )
Press Esc to close