രണ്ട് വ്യാഴവട്ടത്തിലേറെ കാലം മലയാള സിനിമാ ലോകത്ത് മനസ്സും ജീവിതവും സമര്‍പ്പിച്ച പ്രശസ്ത സിനിമ പി ആര്‍ ഒ എ എസ് ദിനേശ് എഴുതിയ, മലയാള സിനിമാ ലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘നമസ്‌കാരം ദിനേശാണ് പി ആര്‍ ഒ’ എന്ന പുസ്തകം വിപണിയിലെത്തി.
അക്കേരിപ്പറമ്പില്‍ സദാനന്ദ പ്രഭു ദിനേശ് എന്നാണ് മുഴുവന്‍ പേര്. ഇതുവരെ ആയിരത്തിലധികം സിനിമകളുടെ പി ആര്‍ ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊങ്കിണി ഭാഷ സംസാരിക്കുന്ന ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തില്‍പെട്ട ദിനേശ് പ്രഭു മലയാളത്തില്‍ ബിരുദാനാന്തര ബിരുധദാരിയാണ്. കൊച്ചിന്‍ പ്രസ്സ് അക്കാദമിയുടെ ആദ്യ ബാച്ചിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരുന്ന ദിനേശന് പക്ഷെ സിനിമാ വാര്‍ത്താ ലോകത്ത് നിലയുറപ്പിക്കാനായിരുന്നു നിയോഗം.
1997 ല്‍ ശ്രീകുമാര്‍ അരൂക്കുറ്റി തിരക്കഥ എഴുതി എന്‍.ബി. രഘുനാഥ് സംവിധാനം ചെയ്ത ‘ആറ്റുവേല’യെന്ന ചിത്രത്തിലൂടെയാണ് ദിനേശിന്റെ പി.ആര്‍.ഒ. ജീവിതത്തിന് തുടക്കം. ‘ഹരിഹരന്‍പിള്ള ഹാപ്പിയാണ്’, ‘ദാദാ സാഹിബ്’, ‘തച്ചിലേടത്തു ചുണ്ടന്‍’, തുടങ്ങിയ മോഹന്‍ലാലും മമ്മൂട്ടിയും നായകന്മാരായ ചിത്രങ്ങളില്‍ പി.ആര്‍.ഒ ആയതോടെ അദ്ദേഹം സിനിമാ ലോകത്ത് ശ്രദ്ധേയനായി.
മാക്ടയില്‍ ട്രഷററും മാക്ടസൊസൈറ്റിയില്‍ പ്രസിന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.ആര്‍.ഒ. ജീവിതം കാല്‍നൂറ്റാണ്ട് തികച്ചതിന്റെ ഓര്‍മ്മക്കായി മാധ്യമസുഹൃത്തുക്കള്‍ക്കും മറ്റുമായി ഒരു ഡയറി പുറത്തിറക്കിയിരുന്നു. ഇതിന്റെ പ്രകാശനം പ്രശസ്ത സിനിമാ താരം മഞ്ജു വാര്യരാണ് നിര്‍വ്വഹിച്ചത്.
നിരവധി പുരസ്‌കാരങ്ങളും ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2004 ല്‍ ആദ്യമായി പി.ആര്‍.ഒ മാര്‍ക്ക് ഏര്‍പ്പെടുത്തിയ മികച്ച പി.ആര്‍.ഒയ്ക്കുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, 2022ലെ കലാഭവന്‍ മണിസ്മാരക അവാര്‍ഡ്, ബിഗ് സ്‌ക്രീന്‍ പുരസ്‌ക്കാരം, മലനാട് ടിവി അവാര്‍ഡ് എന്നിവ അവയില്‍ ചിലത് മാത്രം.
മലയാള സിനിമയിലെ സാധാരണക്കാരനായ ഒരു പി.ആര്‍.ഒയുടെ യാത്രയ്ക്കിടയില്‍ മനസ്സില്‍ പതിഞ്ഞ നേര്‍ക്കാഴ്ചകള്‍. കലുഷമായ കാലപ്രവാഹത്തിലും മായാത്ത ഓര്‍മ്മകളുടെ അക്ഷരക്കൂട്ടായ്മയില്‍ വിരിഞ്ഞ സ്വപ്ന സാക്ഷാത്കാരം, ഇതാണ് ‘നമസ്‌കാരം ദിനേശാണ് പി.ആര്‍.ഒ’. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു സിനിമ പി ആര്‍ ഒ ഒരു പുസ്തകമെഴുതുന്നത്.
ഈ പുസ്തകം മലയാള സിനിമാ ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്. ലളിതമായ ശൈലിയില്‍ ഒരു പുസ്തകം.
കൊച്ചിയിലെ ക്ലിക്ക് കമ്മ്യൂണികേഷനാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില.150 രൂപയാണ്.
പുസ്തകം ആവശ്യമുള്ളവര്‍
Cinema Team,
Trans Media,
44/215 B-2, 1st Floor,
LPS Road, Pallinada,
Palarivattom, Kochi-682 025.
Call: 9747719830
WhatsApp: 8547620026 എന്ന നമ്പറില്‍ ബന്ധപ്പെടുക.