മോദിക്ക് കീഴില്‍ ഇന്ത്യ താറുമാറായി: അരുന്ധതി റോയി

മോദിക്ക് കീഴില്‍ ഇന്ത്യ താറുമാറായി: അരുന്ധതി റോയി

വിഷ്ണു പ്രതാപ്
ന്യൂയോര്‍ക്ക്: നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ന്നു. പരമോന്നത സംവിധാനങ്ങളെല്ലാം ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും അരുന്ധതി റോയ് പറഞ്ഞു. ബി.ബി.സിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ പങ്കെടുത്താണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ‘ദ മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്’ എന്ന തന്റെ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
‘മോദിയുടെ ആരാധികയല്ലെന്ന് താങ്കള്‍ പുസ്തകത്തില്‍ പറയുന്നുണ്ടല്ലോ, നിങ്ങള്‍ ഭയപ്പെടുന്നതു പോലെ മോദി അത്ര മോശക്കാരനാണോ’ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു അരുന്ധതിയുടെ മറുപടി.
ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ ആട്ടിയോടിക്കപ്പെടുകയാണ്. ആളുകളെ തെരുവിലിട്ട് തല്ലിക്കൊല്ലുന്നു. മാംസ വില്‍പന, ലെതര്‍ ജോലി, ഹാന്‍ഡി ക്രാഫ്റ്റ് ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ആ ജോലി ചെയ്യാനാവുന്നില്ല. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന അതിക്രമങ്ങള്‍ അത്രമേല്‍ ഭയപ്പെടുത്തുന്നതാണ്.
കാശ്മീരില്‍ ചെറിയ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത നമ്മള്‍ കേട്ടതാണ്. എന്നാല്‍ അവിടെ പ്രതിക്ക് പിന്തുണയുമായി സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് മാര്‍ച്ച് നടത്തിയത്. ഈ അവസ്ഥ വളരെ ഭീതിജനകമാണെന്നും അവര്‍ പറഞ്ഞു.
ട്രംപ് ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു വ്യക്തിയാണ്. എന്നാല്‍ എല്ലാ ഇന്‍സ്റ്റിറ്റിയൂഷനുകളും അതില്‍ അസ്വസ്ഥരാണ്. മാധ്യമങ്ങളും ജുഡീഷ്യറിയും സൈന്യവുമെല്ലാം ആശങ്കയിലാണ്. ആളുകള്‍ അദ്ദേഹത്തെ സഹിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. എന്നാല്‍ ഇന്ത്യയിലെ അവസ്ഥ അതല്ല. ഇന്ത്യയിലെ പരമോന്നത സ്ഥാപനങ്ങളെല്ലാം ഇവര്‍ക്ക് കീഴിലാണ്. ലോകത്തിലെ മികച്ച നേതാക്കളെ കുറിച്ച് ഇന്ത്യയില്‍ തയാറാക്കിയ പുസ്തകത്തിന് കവര്‍ ചിത്രമായി നല്‍കിയത് ഹിറ്റ്‌ലറുടെ ചിത്രമായിരുന്നു. ഇന്ത്യയില്‍ മുമ്പെങ്ങും നടന്നിട്ടില്ലാത്ത വിധം ചീഫ് ജസ്റ്റിസിന് കീഴിലുള്ള നാല് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിക്ക് മുമ്പില്‍ പത്രസമ്മേളനം നടത്തി. ജനാധിപത്യം അപകടത്തിലാണെന്നായിരുന്നു അവര്‍ പറയാനുണ്ടായത്. അസാധാരണമായ കാര്യങ്ങളാണ് നടക്കുന്നതെന്നും കോടതിയെ വരെ വിലക്കെടുത്തു കഴിഞ്ഞെന്നും അവര്‍ക്ക് പറയേണ്ടി വന്നുവെന്നും അരുന്ധതി പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close