
അളക ഖാനം
ദുബൈ: പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ഐഫോണ്‍ ആപ്പിള്‍ പേ സംവിധാനം യു.എ.ഇയില്‍ നിലവില്‍ വന്നു. ഈ സംവിധാനം നടപ്പാക്കുന്ന ഗള്‍ഫിലെ ആദ്യ രാജ്യമാണ് യു.എ.ഇ. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എമിറേറ്റ്‌സ് എന്‍. ബി.ഡി, മശ്‌റഖ് ബാങ്ക്, റാക്ക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക്, എച്ച്.എസ്.ബി.സി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവക്ക് പുറമെ ടെലികോം കമ്പനിയായ ഡു വും ആപ്പിള്‍പേയുമായി സഹകരിക്കുന്നുണ്ട്. ബാങ്ക് കാര്‍ഡുകള്‍ക്ക് പകരം ഐഫോണ്‍ ഉപയോഗിക്കാമെന്ന് മാത്രമല്ല എസ്.എം.എസ് വഴി പരസപരം പണം അയക്കാനും ആപ്പിള്‍ പേയിലൂടെ കഴിയും.
വയര്‍ലെസ് കാര്‍ഡ് റീഡറുകള്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്ന ്െഎഫോണ്‍ ആറോ അതിന് മുകളിലുള്ള മോഡലുകളോ ഉള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങാം. എന്താണ് വാങ്ങുന്നതെന്നോ എവിടുന്ന് വാങ്ങിയെന്നോ എത്ര പണം ചെലവഴിച്ചുവെന്നോ ആപ്പിള്‍ അറിയില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. പണമിടപാടുകളുടെ സ്വകാര്യതയും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ടോക്കണൈസേഷന്‍ എന്ന സാങ്കേതിക വിദ്യയാണ് ആപ്പിള്‍ സ്വീകരിച്ചിരിക്കുന്നത്.
ഇടപാടു നടത്തുന്ന ഓരോ ഉപഭോക്താവിനും വ്യത്യസ്ഥ ടോക്കണ്‍ നിശ്ചയിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. രഹസ്യ വിവരങ്ങള്‍ ഒരു തരത്തിലും ചേര്‍ത്താതിരിക്കാനാണ് ഈ മുന്‍കരുതല്‍.