ആപ്പിളിന്റെ പുതിയ മൂന്ന് മോഡലുകള്‍ വിപണിയില്‍

ആപ്പിളിന്റെ പുതിയ മൂന്ന് മോഡലുകള്‍ വിപണിയില്‍

വിഷ്ണു പ്രതാപ്
കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ ഐ ഫോണിന്റെ മൂന്ന് പുതിയ പതിപ്പുകള്‍ വിപണിയില്‍. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് നടന്ന ആപ്പിള്‍ മെഗാ ഇവന്റില്‍ വെച്ചാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവയും ഐ ഫോണ്‍ X (ടെന്‍) പുറത്തിറക്കിയത്. വയര്‍ലെസ് ചാര്‍ജ്ജിങ് സവിശേഷതയോടെയാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവ പുറത്തിറക്കിയത്. എന്നാല്‍ ഹോം ബട്ടണ്‍ തന്നെ ഒഴിവാക്കിയും ഫിംഗര്‍ പ്രിന്റ് സെന്‍സറിന് പകരം മുഖം തിരിച്ചറിയാനുള്ള സംവിധാനമൊരുക്കിയും ആപ്പിള്‍ ശരിക്കും ആരാധകരെ വിസ്മയിപ്പിക്കുകയായിരുന്നു.

ഐ. ഫോണ്‍ 8, 8 പ്ലസ്
ആറ് കോറുകളുള്ള A11 ബയോണിക് ചിപ്പുകളും 64 ബിറ്റ് ഡിസൈനുമായിരിക്കും ഐഫോണ്‍ 8ലും 8 പ്ലസിലും ഉണ്ടാവുക. പുതിയ ഗോള്‍ഡന്‍ പതിപ്പ് അടക്കം മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും. സില്‍വര്‍, സ്‌പേസ് ഗ്രേ എന്നിവയാണ് മറ്റ് നിറങ്ങള്‍. 4.7 ഇഞ്ച് ഡിസ്‌പ്ലേയാണ് 8ല്‍. എന്നാല്‍ 8 പ്ലസിലെ ഡിസ്‌പ്ലേ 5.5 ഇഞ്ചും. ഐ ഫോണ്‍ 8 പ്ലസില്‍ ഡ്യുവല്‍ ക്യാമറയും ഐഫോണ്‍ 8ല്‍ 12 മെഗാ പിക്‌സലുള്ള ഒറ്റ ക്യാമറയും ആയിരിക്കും പിന്നില്‍ ഉണ്ടാവുക.
പ്രകാശം അനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഈ സംവിധാനം പ്രത്യേക മെനുവിലൂടെയാവും ലഭ്യമാവുക. 7 മെഗാപിക്‌സലാണ് രണ്ട് മോഡലുകളിലെയും മുന്‍ ക്യാമറ. മിഴിവാര്‍ന്ന സെല്‍ഫികള്‍ക്കായി റെറ്റിന ഫല്‍ഷുമുണ്ട്. ഗെയിമുകള്‍ക്കായി ഓഗ്മെന്റഡ് റിയാലിറ്റിയും പുതിയ മോഡലുകളിലുണ്ടാവും. ഏവരും പ്രതീക്ഷിച്ചിരുന്ന വയര്‍ലെസ് ചാര്‍ജ്ജിങ്ങ് സംവിധാനവും രണ്ട് മോഡലുകളിലുമുണ്ട്. 64ജി.ബി, 256 ജി.ബി സംഭരണ ശേഷികളിലാണ് ഇവ പുറത്തിറങ്ങുന്നത്.
ഐ ഫോണ്‍ 8ന്റെ 64 ജി.ബി പതിപ്പിന് 64,000 രൂപയും 256 ജി.ബി പതിപ്പിന് 77,000 രൂപയുമായിരിക്കും ഇന്ത്യയിലെ വില. 8 പ്ലസിന്റെ 64 ജി.ബി മോഡലിന് 73,000 രൂപയും 256 ജി.ബി മോഡലിന് 86,000 രൂപയുമാണ് ഇന്ത്യയില്‍ വില. സെപ്തംബര്‍ 29ന് രണ്ട് മോഡലുകളും ഇന്ത്യയില്‍ ലഭ്യമാവും.
ഐ ഫോണ്‍ ടെന്‍ ഏറെ പ്രത്യേകതകളുള്ള ഫോണാണിത്. 64 ജി.ബി സംഭരണ ശേഷിയുള്ള മോഡലിന് 89,000 രൂപയും 256 ജി.ബി മോഡലിന് 102,000 രൂപയുമാണ് ഇന്ത്യയിലെ വില.
മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇതില്‍ ഹോം ബട്ടനില്ല. സ്‌ക്രീനിന്റെ താഴെ അറ്റത്ത് സൈ്വപ്പ് ചെയ്ത് ഹോം സ്‌ക്രീനിലെത്താം. 5.8 ഇഞ്ച് എഡ്ജ് ടു എഡ്ജ് സ്‌ക്രീനായിരിക്കും ഇതില്‍. ഫിംഗര്‍ പ്രിന്റ് സെന്‍സറിന് പകരം നിങ്ങളുടെ മുഖം തിരിച്ചറിയാന്‍ കഴിവുള്ളതാണ് ഐ ഫോണ്‍ X. ഇരുട്ടത്ത് പോലും മുഖം തിരിച്ചറിയുന്ന ട്രൂ ഡെപ്ത്ത് ക്യാമറ സെന്‍സറാണ് ഇതിനായി ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ഇരട്ടകളാണെങ്കില്‍ പോലും ഇ ഫോണിന് അവരെ തിരിച്ചറിയാന്‍ കഴിയുമെന്നും നിങ്ങളുടെ അനുവാദമില്ലാതെ ഫോണ്‍ മറ്റൊരാള്‍ തുറക്കാന്‍ ഒരു മില്യനില്‍ ഒരു സാധ്യത മാത്രമേ ഉള്ളൂവെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close