അനിതാ പുല്ലയില്‍ ലോക കേരള സഭയിലെത്തിയത് വിവാദമായി

അനിതാ പുല്ലയില്‍ ലോക കേരള സഭയിലെത്തിയത് വിവാദമായി

ഗായത്രി-
തിരു: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ആരോപണവിധേയയായ പ്രവാസി അനിതാ പുല്ലയില്‍ ലോകകേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിലെത്തിയതു വിവാദമായി. ക്ഷണിതാക്കളുടെ പട്ടികയില്‍ അനിതയില്ലെന്നു സംഘാടകരായ നോര്‍ക്ക വ്യക്തമാക്കിയെങ്കിലും അവരുടെ സാന്നിധ്യം സംശയകരമാണെന്ന് ആരോപണമുയര്‍ന്നു. അനിതയെ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞതിനേത്തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് ഇടപെട്ട് നിയമസഭാസമുച്ചയത്തില്‍നിന്നു പുറത്താക്കി.

ലോക കേരള സഭയില്‍ ക്ഷണിതാവല്ലാതിരുന്നിട്ടും അനിത പുല്ലയില്‍ എങ്ങനെ നിയമസഭയില്‍ പ്രവേശിച്ചുവെന്നതില്‍ അന്വേഷണം ആരംഭിച്ചു. സ്പീക്കര്‍ എം.ബി രാജേഷിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. പ്രതിനിധിയോ ക്ഷണിതാവോ അല്ലാത്ത അനിത നിയമസഭ സമുച്ചയത്തില്‍ പ്രവേശിച്ചതിലും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തതിലുമാണ് അന്വേഷണം.
അതിനിടെ ലോകകേരളഷസഭാസമ്മേളനത്തില്‍നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും ഓപ്പണ്‍ ഫോറത്തില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും അനിത പുല്ലയില്‍ പറഞ്ഞു.
ലോകകേരളസഭയില്‍ എത്തിയ പ്രവാസി വ്യവസായികള്‍ക്കും പ്രതിനിധികള്‍ക്കുമൊപ്പം ചിത്രമെടുക്കാനും അവരുണ്ടായിരുന്നെന്നു സൂചനയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരായാന്‍ ശ്രമിച്ചെങ്കിലും വാച്ച് ആന്‍ഡ് വാര്‍ഡ് ഇടപെട്ട് തടഞ്ഞു. സ്വന്തം നിലയില്‍ സന്ദര്‍ശകയായി മാത്രമാണു ലോകകേരളസഭയ്ക്കു വന്നതെന്ന് അനിത ചില മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതായാണു സൂചന.

 

Post Your Comments Here ( Click here for malayalam )
Press Esc to close