ആകാശത്തോളം സ്വപ്‌നവുമായി ഷാജു

ആകാശത്തോളം സ്വപ്‌നവുമായി ഷാജു

താഹാ ജമാല്‍
വാക്കിന് മുഖമുണ്ട്, ഭൂമിയേക്കാള്‍ തൂക്കവുമുണ്ട്…ഇവ രണ്ടും അനുഭവിച്ചറിയണമെങ്കില്‍ ഇഎ ഷാജുവിന്റെ ‘ആകാശങ്ങള്‍’ എന്ന കവിതയിലൂടെ സഞ്ചരിക്കണം.
ആകാശങ്ങള്‍ കാഴ്ചകളിലേക്ക് തുറന്നു വെച്ചവിതാനമാണ്. അനന്തമായ ചിന്ത പോലെ… അനുഭവ പരിസരങ്ങള്‍ പോലെ…
ജീവിത പ്രാരാബ്ദങ്ങള്‍ക്കൊപ്പം ഹൃദയം കനലായ് വെന്തു നിറുമ്പോള്‍, ജീവിതത്തിന്റ കയ്പുകളെ വാക്കുകള്‍ ചുട്ടെടുത്ത ഇരുമ്പു പോലെ പൊള്ളിക്കുന്നു. കാലത്തിനൊപ്പം സഞ്ചരിക്കുന്നവര്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പോലെ കവിതയും നന്മെ അനുഭവ നിവേദ്യമാക്കും. ജീവിതം കയ്പ്പും, മധുരവും നിറയുമ്പോള്‍, കണ്ട കാഴ്ചകള്‍ ദൃശ്യങ്ങള്‍ പോലെ നമ്മെ ധ്വനിപ്പിക്കും.ആസാദ്യമാക്കും. ചിലത് നമ്മെ വിചാരണ ചെയ്യും.
കവിതയുടെ സമര്‍പ്പണം സ്വകാര്യമാണ്. അമ്മക്ക്, അച്ഛന്, ജ്യേഷ്ഠന്, അങ്ങനെ ഹൃദയത്തെ തടവിലിടാത്ത പലതിലേക്കും നീങ്ങുന്ന നന്‍മകള്‍.ആദ്യത്തെ കവിതയായ മൂന്ന് വേദനകള്‍ തന്നെ സമര്‍പ്പണത്തെ ഓര്‍മ്മപ്പെടുത്തും.വീട് ഒരു ഭൂപടം പോലെ മനസില്‍ നിറയുമ്പോള്‍ ബന്ധങ്ങള്‍ ഭൂഖണ്ഡങ്ങള്‍ പോലെ കൊണ്ടാടുവാന്‍ ബന്ധങ്ങളെ അറിയാന്‍, അനുഭവിക്കാന്‍ ,കവിക്ക് കഴിയുന്നു.

”എന്റെ വിളവിനും
ഞാനുഴുത നിലത്തിനും താഴെ
ശവക്കല്ലറകളല്ലെന്നാരു കണ്ടു
പൂര്‍വ്വികര്‍, തലമുറകള്‍
സംസ്‌കാരങ്ങള്‍, യുദ്ധങ്ങള്‍
ദീനരോദനങ്ങള്‍
സ്വാതന്ത്ര്യത്തിന്റെ പടപ്പാട്ടുകള്‍
കലപ്പകൊള്ളുമ്പോള്‍
ഉഴവുചാലില്‍ നിന്നും
ആയിരം കതിരുകളായ്
ഉയിര്‍ക്കൊള്ളുന്ന ജീവന്റെ വിത്തുകള്‍ ‘
(തലമുറകള്‍)

‘മരണത്തിന്റെ ചുവന്ന ബനിയനിട്ട്
കറുത്ത നിക്കറിട്ട്
തിര തഴുക്കുന്ന മണലില്‍
കവിള്‍ ചേര്‍ത്ത്
കമിഴ്ന്ന് കിടക്കുന്നുണ്ടൊരു പൊന്നുമോന്‍
ഉറങ്ങുകയാണവന്‍
ശാന്തമായി…
മരണത്തിന്റെ മുലപ്പാല് കുടിച്ച്
പൊട്ടിമുളച്ച്
വേരുകളാഴത്തിലിറങ്ങിയ
ജനിച്ച മണ്ണില്‍ നിന്നും
ഹൃദയത്തില്‍ നിന്നും
നാം ബഹിഷ്‌കൃതരാവേണ്ടതുണ്ട്.’
(പുറം തള്ളപ്പെട്ടവര്‍ )

ഇത്തരത്തിലുള്ള എഴുത്തുകൊണ്ട് കാലത്തിന്റെ കണ്ണിലേക്ക് അനുഭവത്തിന്റെ വേരുകളാഴത്തിലാഴ്ത്തിയ നൊമ്പരത്തിന്റെ കുടുക്ക പോലെ വാക്കിനെ ചേര്‍ത്തു പിടിക്കാന്‍ കവിക്ക് കഴിയുന്നു. കവി വിജയിക്കുന്നു. ആകാശത്ത് ഒരു പാട് കാഴ്ചകളുണ്ട് അജ്ഞാതമാണെങ്കിലും ഓരോ കാലത്തും മനുഷ്യന്‍ അവ കണ്ടെടുക്കുന്നു.അതു പോലെ ജീവിതത്തിന്റെ കാഴ്ചകള്‍ നിരത്തി വെച്ച 42 കവിതകള്‍ കൊണ്ട് അനുഗ്രഹീതതാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും.
ചെറിയ ഫ്രെയിമില്‍ ചിത്രം വരുന്ന പുതിയ തലമുറയിലെ കവിതകളില്‍ നിന്ന് വ്യത്യസ്ഥമായി, വലിയ ക്യാന്‍വാസില്‍ വരച്ച വാങ്മയങ്ങളാണ് പല കവിതകളും. തിരിച്ചറിവ്, ആകാശങ്ങള്‍, അടുത്ത പരീക്ഷണം, സത്യം, തകര്‍ന്നലോകം, ഇര, ഒരു യാത്രയില്‍, ലോകത്തിന്റെ അതിര്‍ത്തി, പുറം തള്ളപ്പെട്ടവര്‍, എന്നി കവിതകള്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതും വായിക്കപ്പെടേണ്ടതുമാണ്. ഈ കവിതകള്‍ ഞാന്‍ എഴുതിപ്പറയുന്നതിനപ്പുറം വായിച്ചറിയുക. കവി ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ, എഴുത്തിലും വായനയിലും.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES