മലയാള സിനിമക്ക് ഒരു പുതിയ സംവിധായിക, ലക്ഷദ്വീപുകാരി ഐഷാ സുല്‍ത്താന

മലയാള സിനിമക്ക് ഒരു പുതിയ സംവിധായിക, ലക്ഷദ്വീപുകാരി ഐഷാ സുല്‍ത്താന

പിആര്‍ സുമേരന്‍-
കൊച്ചി: ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമായി ലക്ഷദ്വീപില്‍ നിന്നു തന്നെ ഒരു വനിതാ സംവിധായിക മലയാള സിനിമയില്‍ സ്വതന്ത്ര സംവിധായികയാവുന്നു. പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് ഉള്‍പ്പെടെ ഒട്ടെറെ സംവിധായകര്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ച യുവസംവിധായിക ഐഷാ സുല്‍ത്താനയാണ് രചനയും സംവിധാനവും നിര്‍വഹിച്ച് തന്റെ സ്വന്തം സിനിമയുമായി വരുന്നത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ വേറിട്ടതും, പുതുമയുമുള്ള ഈ സിനിമയുടെ ടൈറ്റില്‍ റിലീസ് ചെയ്തു. ‘ഫഌഷ്’ എന്ന് പേരിട്ട സിനിമയുടെ ടൈറ്റില്‍ സംവിധായകന്‍ ലാല്‍ ജോസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ഐഷ സുല്‍ത്താന അവസാനമായി സഹസംവിധായികയായി പ്രവര്‍ത്തിച്ചത് സൂപ്പര്‍ ഹിറ്റ് ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലാണ്. ആ സിനിമയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, മ്യൂസിക് ഡയറക്ടര്‍ വില്യം എന്നിവരും ഈ ചിത്രത്തില്‍ പങ്കാളികളാവുന്നുണ്ട്. വിഷ്ണു പണിക്കര്‍ ക്യാമറയും നവാഗതനായ അനന്തു സുനില്‍ ആര്‍ട്ടും, ലക്ഷദ്വീപ് നിവാസിയായ യാസറാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പിആര്‍ഒ- പിആര്‍ സുമേരന്‍.
‘ഫഌഷ്’ ന്റെ ടൈറ്റില്‍ ലുക്കില്‍ ഒറ്റ നോട്ടത്തില്‍ കടല്‍ എന്ന് തോന്നുമെങ്കിലും അതില്‍ ഒളിച്ചിരിക്കുന്ന പെണ്ണുടല്‍ ഇതിനോടകം ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു. ‘എന്റെ സംവിധാന സഹായിയായി എത്തിയ ഒരാള്‍ കൂടി ഒരു സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെണ്‍കുട്ടിയാണ്. ഐഷ സുല്‍ത്താനയെന്ന ലക്ഷദ്വീപുകാരി. ഐഷയുടെ ചിത്രം ഫഌഷിന്റെ പോസ്റ്റര്‍ ഏറെ സന്തോഷത്തോടെ ഞാന്‍ പങ്ക് വയ്ക്കുന്നു’ എന്ന് ലാല്‍ ജോസ് പറഞ്ഞു. കാഴ്ചയില്‍ കടല്‍ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസ്സിന്റെ ആഴങ്ങളില്‍ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയാവുയുന്ന സ്ത്രീകളധികവും. പെണ്ണുടലില്‍ ഒരു കടല്‍ ശരീരം കണ്ടെത്തിയ ആര്‍ട്ടിസ്റ്റിന് അഭിനന്ദനങ്ങള്‍, ലാല്‍ ജോസ് വ്യക്തമാക്കി.
ഈ സിനിമയ്ക്ക് ലക്ഷദ്വീപ് ഭരണകൂടവും കൈകോര്‍ക്കുന്നുണ്ട്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
വനിതാ സംവിധായകര്‍ വളരെ കുറച്ചു മാത്രം രംഗത്തുള്ള മലയാളസിനിമയില്‍ ഒരുപാട് വര്‍ഷം സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍ നോടൊപ്പം സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിന് എതിരെ നിലപാട് എടുത്തത് വിവാദം ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ സ്‌റ്റെഫി തന്നെയാണ് ‘ഫഌഷ്’ ന്റെ കോസ്റ്റ്യൂമര്‍. ഐഷ സ്വീകരിച്ച ആ നിലപാടിന്റ തുടര്‍ച്ചയാണിത്. ഒരു കൂട്ടം നവാഗത താരങ്ങളെയും കൂട്ടി ഐഷ സുല്‍ത്താന എന്ന നവാഗത സംവിധായികയുടെ വരവ് വുമണ്‍ കളക്റ്റീവിലേക്കല്ല എന്നതും ഇപ്പോള്‍ മലയാള സിനിമാരംഗത്ത് ചര്‍ച്ചാ വിഷയമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close