അവധിക്കാല തിരക്ക്; പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍

അവധിക്കാല തിരക്ക്; പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍

ഗായത്രി-
കൊച്ചി: ഗള്‍ഫില്‍ അവധിക്കാലം തുടങ്ങിയതിനാല്‍ വിമാനക്കമ്പനികള്‍ക്ക് സെപ്റ്റംബര്‍ വരെ ചാകരക്കാലമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മടങ്ങിപ്പോകും. ഈ തിരക്ക് മുതലാക്കി വിമാനക്കമ്പനികള്‍ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി പ്രവാസികളെ കൊള്ളയടിക്കും.
കാലങ്ങളായി തുടരുന്ന ഈ ചൂഷണത്തിന് ഇന്നും അറുതി വന്നിട്ടില്ല. ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂടിയതിനാല്‍ കൊള്ളയടിക്ക് അല്‍പ്പം മയം വന്നിട്ടുണ്ടെന്നു മാത്രം. ഗള്‍ഫില്‍ ഇപ്പോള്‍ സ്‌കൂള്‍ അടക്കുന്ന സമയമാണ്. അതിനാല്‍ അവിടെ നിന്ന് മലയാളികള്‍ നാട്ടിലേക്ക് കൂട്ടമായെത്തുന്നുണ്ട്. ഈ തിരക്ക് മുതലാക്കിയാണ് വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്.
ടിക്കറ്റ് നിരക്കില്‍ അഞ്ചിരട്ടി വരെയാണ് വര്‍ധനയുണ്ടായിരിക്കുന്നത്. ദുബായ്‌കൊച്ചി, ഷാര്‍ജകൊച്ചി നിരക്ക് 25,00030,000 രൂപയാണ്. തിരക്കില്ലാത്തപ്പോള്‍ ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്ക് 5,000 രൂപക്ക് ടിക്കറ്റ് കിട്ടും. ഇപ്പോള്‍ ഗള്‍ഫിലെ വിവിധ ഇടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 25,000 രൂപ മുതല്‍ 35,000 രൂപ വരെയാണ്. ജൂലൈ പകുതി വരെ കൂടിയ നിരക്ക് തുടരുകയും ചെയ്യും.
കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫിലേക്ക് സര്‍വീസ് ആരംഭിച്ചതോടെ മുമ്പുണ്ടായതുപോലെ ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഇപ്പോഴില്ല. മുമ്പ് ടിക്കറ്റിനായി നെട്ടോട്ടമോടേണ്ട അവസ്ഥയുണ്ടായിരുന്നു. സര്‍വീസുകള്‍ കൂടിയതോടെ ആ അവസ്ഥക്ക് മാറ്റം വന്നെങ്കിലും നിരക്ക്് കുറക്കാന്‍ വിമാനക്കമ്പനികള്‍ തയ്യാറാകുന്നില്ല. യാത്രക്കാരുടെ തിരക്ക്് കണക്കിലെടുത്ത് ഉയര്‍ന്ന സ്ലാബിലുള്ള ടിക്കറ്റാണ് വിമാനക്കമ്പനികള്‍ വിറ്റഴിക്കുന്നത്. അതുകൊണ്ടാണ് ടിക്കറ്റിന് കൂടുതല്‍ തുക നല്‍കേണ്ടി വരുന്നത്.
ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ ഇന്ത്യന്‍ കമ്പനികളും ഫ്‌ളൈ ദുബായ് പോലുള്ള വിദേശ വിമാനക്കമ്പനികളും ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് ആരംഭിച്ചതോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യാത്രാതിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നിട്ടും നിരക്കില്‍ കുറവ് വന്നിട്ടില്ല. അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ ഓഗസ്റ്റ് പകുതി മുതല്‍ മടങ്ങിപ്പോകാന്‍ തുടങ്ങും. അതോടെ ഇവിടെ നിന്ന് ഗള്‍ഫിലേക്കുള്ള നിരക്ക് കുത്തനെ ഉയരും. സെപ്റ്റംബര്‍ പകുതി വരെ കൂടിയ നിരക്കിലായിരിക്കും വിമാനക്കമ്പനികള്‍ ടിക്കറ്റ് വിറ്റഴിക്കുക. ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയതും നിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം ദുബായ് സര്‍വീസിനായി ഉപയോഗിക്കാത്തതും യാത്രക്കാര്‍ക്ക്തിരിച്ചടിയായി.

Post Your Comments Here ( Click here for malayalam )
Press Esc to close