അനുമതി ലഭിച്ചിട്ടും സര്‍വീസ് പുനരാരംഭിക്കാതെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും

അനുമതി ലഭിച്ചിട്ടും സര്‍വീസ് പുനരാരംഭിക്കാതെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും

ഫിദ-
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസിന് അനുമതി ലഭിച്ചിട്ടും പുനരാരംഭിക്കാതെ എയര്‍ഇന്ത്യയും എമിറേറ്റ്‌സും. 2015 മേയ് ഒന്ന് മുതല്‍ നിര്‍ത്തലാക്കിയ സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ ജൂലൈ ആദ്യവാരമാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയത്. കോഡ് ഇ വിഭാഗത്തില്‍ ബി 747400, ബി 777300 ഇ.ആര്‍, ബി 777200 എല്‍.ആര്‍, ബി 7878 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വിസിനാണ് എയര്‍ ഇന്ത്യക്ക് അനുമതി നല്‍കിയിരിക്കുന്നത്. ജിദ്ദ, റിയാദ് സെക്ടറിലായിരിക്കും സര്‍വിസ്. ആദ്യഘട്ടത്തില്‍ 423 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 747400 ഉപയോഗിച്ച് ജിദ്ദയിലേക്കായിരിക്കും സര്‍വിസെന്നായിരുന്നു എയര്‍ഇന്ത്യ പ്രഖ്യാപനം. കോഴിക്കോട്ദുബൈ സെക്ടറില്‍ ബി 777300 ഇ.ആര്‍, ബി 777200 എല്‍.ആര്‍ എന്നിവ ഉപയോഗിച്ച് സര്‍വിസ് നടത്താനാണ് എമിറേറ്റ്‌സിന് എന്‍.ഒ.സി ലഭിച്ചത്.

ഹജ്ജ് സര്‍വിസ് അവസാനിച്ചശേഷം ജിദ്ദയിലേക്ക് സര്‍വിസ് പുനരാരംഭിക്കുമെന്നായിരുന്നു എയര്‍ഇന്ത്യ നേരത്തേ അറിയിച്ചത്. ഹജ്ജ് അവസാനിച്ചിട്ടും നടപടികളൊന്നും ആരംഭിച്ചിട്ടില്ല. എമിറേറ്റ്‌സ് ആഴ്ചയില്‍ 2,500 സീറ്റ് വര്‍ധിപ്പിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. സീറ്റ് വര്‍ധിപ്പിച്ചശേഷം സര്‍വിസ് ആരംഭിക്കാമെന്നാണ് എമിറേറ്റ്‌സ് നിലപാട്. ഉംറ സീസണ്‍ ആരംഭിച്ചാല്‍ ജിദ്ദ സെക്ടറില്‍ വന്‍തിരക്കുണ്ടാകും. നിലവില്‍ ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സും സ്‌പൈസ് ജെറ്റും മാത്രമാണ് സര്‍വിസ് നടത്തുന്നത്. സ്‌പൈസ് ജെറ്റിന്റേത് ചെറിയ വിമാനമാണ്. എയര്‍ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിച്ചാലേ സെക്ടറില്‍ തിരക്ക് കുറക്കാനാകൂ. നിലവില്‍ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാനം കുറവായതിനാല്‍ ഉംറ തീര്‍ഥാടകര്‍ അബൂദബി, മസ്‌കത്ത് വഴിയാണ് യാത്ര ചെയ്യുന്നത്. ഇതിന് കൂടുതല്‍ സമയം എടുക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close