എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കം

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ നിശ്ചിത ഓഹരികള്‍ വിറ്റഴിച്ച് വരുമാനം കൂട്ടാനും ധനക്കമ്മി കുറക്കാനുമുള്ള നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയുടെ നാല് ഉപ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് ലിമിറ്റഡ്, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ, എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ്, എയര്‍ ഇന്ത്യ എന്‍ജിനിയറിംഗ് സര്‍വീസ് ലിമിറ്റഡ് എന്നിവയുടെ ഓഹരികളാകും വില്‍ക്കുക.
എയര്‍ ഇന്ത്യയുടെ ന്യൂഡല്‍ഹിയിലെ ആസ്ഥാന മന്ദിരം, മുംബയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂസ്വത്ത്, എയര്‍ ഇന്ത്യയുടെ കൈവശമുള്ള കലാസൃഷ്ടികള്‍ എന്നിവയും വിറ്റഴിച്ചേക്കും. ‘അലയന്‍സ് എയര്‍’ എന്ന പേരില്‍ പ്രാദേശിക വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്ഥാപനമാണ് എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് ലിമിറ്റഡ്. ഹോട്ടല്‍ കോര്‍പ്പറേഷന് ശ്രീനഗറിലും ഡല്‍ഹിയിലും ഉള്‍പ്പെടെ ഹോട്ടലുകളുമുണ്ട്. ഗ്രൗണ്ട് ഹാന്‍ഡിലിംഗ്, കാര്‍ഗോ ഹാന്‍ഡിലിംഗ് ചുമതലകളാണ് എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് നിര്‍വഹിക്കുന്നത്. വിമാനങ്ങളുടെ അറ്റകുറ്റപ്പണി നിര്‍വഹണമാണ് എയര്‍ ഇന്ത്യ എന്‍ജിനിയറിംഗ് സര്‍വീസിനുള്ളത്.
കടക്കെണിയുടെ ചിറകിലേറി പറക്കുന്ന എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വിറ്രഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ ശ്രമിച്ചിരുന്നു. എന്നാല്‍, സമയം നീട്ടിക്കൊടുത്തിട്ടും ആരും താത്പര്യപത്രം സമര്‍പ്പിച്ചില്ല. തുടര്‍ന്ന്, 100 ശതമാനം ഓഹരി വിറ്രഴിക്കാന്‍ കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ഉപസ്ഥാപനങ്ങള്‍ വിറ്റൊഴിയാന്‍ ശ്രമിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close