ഫിദ
കൊച്ചി: സംസ്ഥാനത്ത്് വിറ്റഴിയുന്ന 21 ബ്രാന്‍ഡ് വെളിച്ചെണ്ണകളില്‍ മായമുള്ളതായി കണ്ടെത്തല്‍. കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അംഗീകൃത ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് 31 ബ്രാന്‍ഡുകളില്‍ 21 എണ്ണവും മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയത്. പരിശോധന റിപ്പോര്‍ട്ടും കമ്പനികളെക്കുറിച്ച വിവരങ്ങളും എറണാകുളം അസി. ഫുഡ്‌സേഫ്റ്റി കമീഷണര്‍ക്ക് നല്‍കിയതായി അസോസിയേഷന്‍ സെക്രട്ടറി പോള്‍ ആന്റണി പറഞ്ഞു.
സാധാരണ വെളിച്ചെണ്ണയില്‍ ഫ്രീ ഫാറ്റി ആസിഡ് (എഫ്.എഫ്.എ) മൂന്നില്‍ താഴെയും അയഡിന്‍ വാല്യു 7.5നും 10നും മധ്യേയുമാണ് വേണ്ടത്. എന്നാല്‍, പരിശോധനയില്‍ പരാജയപ്പെട്ട വെളിച്ചെണ്ണകളില്‍ പലതിലും അയഡിന്‍ വാല്യു അമ്പതില്‍ കൂടുതലും എഫ്.എഫ്.എ 10ല്‍ കൂടുതലുമാണ്. ആദ്യ ഘട്ടത്തില്‍ അസോസിയേഷന്റെ ലാബില്‍ പരിശോധിച്ച ഇരുപതോളം ബ്രാന്‍ഡുകളില്‍ 17ഉം മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അസോസിയേഷന്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഒരുമാസത്തിനകം നടപടിയെടുക്കണമെന്ന് ഭക്ഷ്യസുരക്ഷ കമീഷണറോട് കോടതി നിര്‍ദേശിച്ചു.