രാജ്യത്തിന്റെ വളര്‍ച്ചതോത് കുറയുമെന്ന് എ.ഡി.ബി

രാജ്യത്തിന്റെ വളര്‍ച്ചതോത് കുറയുമെന്ന് എ.ഡി.ബി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ നടപ്പു സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചതോത് പ്രതീക്ഷിച്ച ഏഴു ശതമാനത്തില്‍നിന്ന് 6.7 ശതമാനമായി കുറയുമെന്ന് എ.ഡി.ബി റിപ്പോര്‍ട്ട് വ്യക്തമാക്കി. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതത്തിന് പുറമെ ജി.എസ്.ടിയിലേക്കുള്ള മാറ്റം, പ്രതികൂല കാലാവസ്ഥ കാരണം കാര്‍ഷികമേഖലയിലുണ്ടായ തിരിച്ചടി എന്നിവയാണ് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
2018-19 ല്‍ മൊത്ത ആഭ്യന്തരഉല്‍പാദനവും (ജി.ഡി.പി) കുറയുമെന്നാണ് എ.ഡി.ബി നിരീക്ഷണം. നേരത്തേ 7.4 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 7.3 ആയിരിക്കും ഈ രംഗത്തെ വളര്‍ച്ച. അതേസമയം, ജി.എസ്.ടി നടപ്പാക്കിയത് കാരണം ഉല്‍പാദനമേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശക്തവും പ്രോത്സാഹനപരവുമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ നിലവിലെ മൂന്നാംപാദത്തിലും 2018 മാര്‍ച്ച് 31ന് അവസാനിക്കുന്ന നാലാം പാദത്തിലും വളര്‍ച്ചയുണ്ടായേക്കും. പൊതുമേഖലബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം ഇതില്‍ പ്രധാനഘടകമാണ്.
2017ലെ ആദ്യ ഏഴുമാസം പണപ്പെരുപ്പം നിയന്ത്രണത്തിലായിരുന്നുവെന്ന് എ.ഡി.ബി റിപ്പോര്‍ട്ട് പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഒഴിവായതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍, ജൂലൈ മുതല്‍ ഭക്ഷ്യവസ്തുക്കളുടെ, പ്രത്യേകിച്ച് ധാന്യങ്ങളുടെയും പച്ചക്കറിയുടെയും വിലവര്‍ധന കാരണം പണപ്പെരുപ്പവും ഉയരാന്‍ തുടങ്ങി. ആഗോളവിപണിയുടെ ചുവടുപിടിച്ച് എണ്ണവിലയും വര്‍ധിച്ചു. നേരത്തേ, ലോകബാങ്കും ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച നിരക്കില്‍ പിറകോട്ടടി പ്രവചിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close