അബുദാബി പാലസ് സന്ദര്‍ശിക്കാം മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹം

അബുദാബി പാലസ് സന്ദര്‍ശിക്കാം മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹം

അളക ഖാനം-
അബുദാബി: പ്രശസ്തമായ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ഇന്നു മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹവും നാലുമുതല്‍ 17വരെ വയസ്സുള്ളവര്‍ക്ക് 30 ദിര്‍ഹവുമായിരിക്കും പ്രവേശന ടിക്കറ്റുനിരക്ക്.
അബുദാബിയിലെ ഈ മനോഹരമായ നിര്‍മിതി ആദ്യമായാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുന്നത്. കൊട്ടാരത്തിലെ പൂന്തോട്ടവും അകത്തളവുമെല്ലാം ടിക്കറ്റെടുക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാം. പൂന്തോട്ടംമാത്രം സന്ദര്‍ശിക്കാന്‍ മുതിര്‍ന്നവര്‍ക്ക് 25 ദിര്‍ഹവും കുട്ടികള്‍ക്ക് 12 ദിര്‍ഹവുമാണ് നിരക്ക്. ദിവസവും രാവിലെ പത്തു മുതല്‍ രാത്രി എട്ടുവരെയാണ് സന്ദര്‍ശന സമയം. അരമണിക്കൂര്‍ കൂടുന്ന ഇടവേളകളില്‍ ഗൈഡഡ് ടൂര്‍ ഉണ്ടാകും. ഇംഗ്ലീഷിലും അറബിയിലും കൊട്ടാരത്തെക്കുറിച്ചുള്ള വിശദീകരണവും ലഭിക്കും. ഈ സേവനത്തിനായി ഒരാള്‍ക്ക് 30 ദിര്‍ഹം വേറെ നല്‍കണം. ഒരു ടൂറില്‍ 20 പേരെയാണ് ഉള്‍പ്പെടുത്തുക. ഒന്നരമണിക്കൂറായിരിക്കും ടൂര്‍ ദൈര്‍ഘ്യം. കൊട്ടാരം, ഉദ്യാനം എന്നിവ സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമായിരിക്കും ഗൈഡഡ് ടൂര്‍ ലഭ്യമാവുക.
കൗണ്ടറില്‍നിന്നും ഓണ്‍ലൈനായും ടിക്കറ്റുകള്‍ ലഭിക്കും. കൊട്ടാരത്തിന്റെ ഗേറ്റില്‍നിന്നും പ്രത്യേക ബസ് സേവനവും സന്ദര്‍ശകര്‍ക്കുണ്ടാവും. സ്വന്തം വാഹനത്തിലെത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗജന്യമാണെങ്കിലും വാലെ പാര്‍ക്കിംഗിന് 80 ദിര്‍ഹം നല്‍കണം. 9.30 മുതല്‍ രാത്രി 9.30 വരെ പാര്‍ക്കിംഗ് ലഭിക്കും. പ്രത്യേക പരിചരണം ആവശ്യമായവര്‍ക്ക് 40 ദിര്‍ഹം നല്‍കിയാല്‍ പുഷ് അപ്പ് കസേരകള്‍ ലഭിക്കും. സ്ത്രീകള്‍ക്ക് മുഴുവന്‍ കൈയും മറക്കുന്ന വസ്ത്രവും പുരുഷന്മാര്‍ക്ക് പാന്റ്‌സും നിര്‍ബന്ധമാണ്. സ്ലീവ്‌ലെസ് ടോപ്പുകളും ചെറിയ ട്രൗസറും ധരിച്ചവര്‍ക്ക് പ്രവേശനമില്ല. കൊട്ടാരത്തിലെ പൊതുസ്ഥലങ്ങളില്‍ ഫോട്ടോകളെടുക്കാം. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സംവിധാനങ്ങളുടെയും ചിത്രം പകര്‍ത്താന്‍ പാടില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.