‘ആദ്യരാത്രി’യുടെ പൂജ കൊച്ചിയില്‍ നടന്നു

‘ആദ്യരാത്രി’യുടെ പൂജ കൊച്ചിയില്‍ നടന്നു

എംഎം കമ്മത്ത്-
കൊച്ചി: വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജിബു ജേക്കബ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ‘ആദ്യരാത്രി’ യുടെ പൂജ ചടങ്ങുകള്‍ കൊച്ചി നവോദയ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. നവോദയ മാസ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ ജിജോ പുന്നൂസ് ഭദ്രദീപം തെളിയിച്ചു. സംവിധായകന്‍ അനൂപ് കണ്ണന്‍, സ്വിച്ചോണ്‍ കര്‍മവും തിരക്കഥാകൃത്ത് എം. സിന്ധുരാജ് ഫസ്റ്റ് ക്ലാപ്പും നല്‍കി. സിനിമാമേഖലയിലെ പ്രമുഖര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു.
ബിജു മേനോനും അനശ്വര രാജനുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ‘വെള്ളിമൂങ്ങ’ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ‘ക്യൂനി’ന്റെ തിരക്കഥ രചിച്ച ഹാരിസും ജെബിനും ഒരുക്കിയ തിരക്കഥയിലാണ് ‘ആദ്യ രാത്രി’ ഒരുങ്ങുന്നത്. ബിജിബാല്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീജിത്ത് നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കും. ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ക്ക് ശേഷം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് ‘ആദ്യരാത്രി’.
കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെ നീങ്ങുന്ന രസകരമായ ഒരു കഥയാണ് ചിത്രത്തിന്റേത്. വിജയരാഘവന്‍, സര്‍ജനു, ജയന്‍ ചേര്‍ത്തല, മനോജ് ഗിന്നസ്, അശ്വിന്‍, മാലാ പാര്‍വതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

‘നല്ല സൗഹൃദങ്ങളില്‍ നിന്നാണ് നല്ല സിനിമകളുടെ പിറവി’യെന്ന് പറഞ്ഞാണ് സംവിധായകന്‍ ജിബു ജേക്കബ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ഞാന്‍ വിശ്വസിച്ച എന്റെ പ്രിയ സുഹൃത്ത് ബിജു മേനോനോടൊപ്പം എന്റെ രണ്ടാമത്തെ ചിത്രം ചെയ്യുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close