ഓഹരികള്‍, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവക്കും ആധാര്‍ നിര്‍ബന്ധം

ഓഹരികള്‍, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവക്കും ആധാര്‍ നിര്‍ബന്ധം

മുംബൈ: രാജ്യത്തെ എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നീക്കം. ഓഹരികള്‍, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവയുടെ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഓഹരി വിപണികളില്‍ നടക്കുന്ന ഇടപാടുകളില്‍ ആധാര്‍ നിര്‍ബന്ധമാക്കാനാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയുടെ നീക്കം. ഇതുവഴി കള്ളപ്പണം വിപണിയിലേക്ക് ഒഴുകുന്നത് തടയാമെന്നാണ് കണക്ക് കൂട്ടല്‍. പാന്‍കാര്‍ഡ് ഓഹരി വിപണിയിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലാണ് സെബി നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ആധാര്‍ ഓഹരി ഇടപാടുകള്‍ക്ക് നിര്‍ബന്ധമാക്കാനുള്ള നീക്കം ആരംഭിച്ചതത്രെ. 2009ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടു വന്നതാണ് ആധാര്‍ കാര്‍ഡ്. മൊബൈല്‍ ഫോണ്‍ കണക്ഷന്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവക്കെല്ലാം സര്‍ക്കാര്‍ നേരത്തെ തന്നെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.
അതേസമയം പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിയമം എല്ലാവര്‍ക്കും ബാധകമല്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉപാധികളോടെ ചിലവിഭാഗങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നോണ്‍ റസിഡന്റ് ഇന്ത്യന്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, 80 വയസോ അതില്‍കൂടുതലോ ഉള്ളവര്‍, അസം, മേഘാലയ, ജമ്മുആന്റ് കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ എന്നിവരെയാണ് പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്നറിയിച്ചുകൊണ്ട് നിയമ കമ്മീഷന്‍ ശുപാര്‍ശയിറക്കിയിരുന്നു. വിവാഹ തട്ടിപ്പുകള്‍ തടയുകയും ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ജീവനാംശം നിഷേധിക്കുന്നതു തടയുകയും ലക്ഷ്യമിട്ടാണ് നിര്‍ദേശം.

Post Your Comments Here ( Click here for malayalam )
Press Esc to close