മലിനീകരണം; ബിപിസിഎല്‍ അടക്കം നാല് കമ്പനികള്‍ക്ക് 286 കോടി പിഴ

മലിനീകരണം; ബിപിസിഎല്‍ അടക്കം നാല് കമ്പനികള്‍ക്ക് 286 കോടി പിഴ

രാംനാഥ് ചാവ്‌ല-
മുംബൈ: പരിസ്ഥിതിക്ക് ഹാനികരമായ നിലയില്‍ പ്രവര്‍ത്തിച്ചതിന് ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും അടക്കം നാല് കമ്പനികള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ വന്‍തുക പിഴയിട്ടു. നാല് കമ്പനികള്‍ക്കും കൂടി 286 കോടി രൂപയാണ് പിഴയിട്ടത്. മുംബൈയില്‍ വായുമലിനീകരണത്തിന് കാരണമാകും വിധം പ്രവര്‍ത്തിച്ചെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ബിപിസിഎല്‍ 7.5 കോടിയും എച്ച്പിസിഎല്‍ 76.5 കോടിയും എഇജിഐഎസ് 142 കോടിയും എസ്എല്‍സിഎല്‍ 20 ലക്ഷവുമാണ് പിഴയടക്കേണ്ടത്. മുംബൈ മഹുല്‍, അമ്പപദ ഗ്രാമവാസികള്‍ 2014 ല്‍ നല്‍കിയ പരാതിക്ക് ആറ് വര്‍ഷത്തിന് ശേഷമാണ് അനുകൂല വിധിയുണ്ടാകുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് മലിനീകരണത്തിന്റെ തോത് വിലയിരുത്തിയത്. കമ്പനികള്‍ നല്‍കുന്ന തുക ഉപയോഗിച്ച് അഞ്ച് വര്‍ഷം കൊണ്ട് പ്രദേശത്തെ വായു പൂര്‍വസ്ഥിതിയിലാക്കണം. അതിനായി പത്തംഗ സമിതിയെയും ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് എകെ ഗോയല്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. സമിതിയില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ രണ്ടംഗങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഒരു പ്രതിനിധിയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധിയും ജില്ലാ മജിസ്‌ട്രേറ്റും എന്‍ഇഇആര്‍ഐ, ടിഐഎസ്എസ് മുംബൈ, ഐഐടി മുംബൈ, കെഇഎം ഹോസ്പിറ്റല്‍ എന്നിവരുടെ പ്രതിനിധികളും മഹാരാഷട്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയും അംഗമായ സമിതിയെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തി.

Post Your Comments Here ( Click here for malayalam )
Press Esc to close