27 ഇനങ്ങളുടെ ജി എസ് ടി നിരക്ക് കുറച്ചു

27 ഇനങ്ങളുടെ ജി എസ് ടി നിരക്ക് കുറച്ചു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ജിഎസ്ടി പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര,സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സില്‍ വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചു. 27 ഇനങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ചു.
വിവിധ ഭക്ഷ്യസാധനങ്ങള്‍ക്കും ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്കുമാണ് നികുതി നിരക്ക് 12ല്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചത്. ആയുര്‍വേദ,ഹോമിയോ,യൂനാനി മരുന്നുകള്‍, ചപ്പാത്തി, ബ്രഡ്, സ്‌കൂള്‍ ഭക്ഷണ പാക്കറ്റ്, ബ്രാന്‍ഡ് ചെയ്യാത്ത മസാലക്കൂട്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവഴി ഇവയുടെ വില കുറയും. എ.സി റസ്റ്റാറന്റുകളില്‍ ഈടാക്കുന്ന ജി.എസ്.ടി നിരക്ക് 18 ശതമാനത്തില്‍നിന്ന് കുറക്കണമെന്ന ആവശ്യം മന്ത്രിതല സമിതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
റസ്റ്റാറന്റുകളുടെ നികുതി കുറക്കണമെന്ന് കേരളത്തെ പ്രതിനിധാനംചെയ്ത ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടിരുന്നു. റസ്റ്റാറന്റുകളുടെ നികുതി നിരക്കിനൊപ്പം, 18 ശതമാനമെന്ന നികുതി സ്ലാബില്‍ വരുന്ന ഉല്‍പന്ന, സേവനങ്ങളുടെ കാര്യം പുനഃപരിശോധിക്കും. ഒന്നര കോടി വരെ വരുമാനമുള്ള ചെറുകിട, ഇടത്തരം വ്യാപാരികള്‍ മൂന്നുമാസം കൂടുമ്പോള്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നു നിശ്ചയിച്ചു. മാസാമാസം റിട്ടേണ്‍ നല്‍കേണ്ടതില്ല.
കയറ്റുമതിക്കാര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി റീഫണ്ട് കിട്ടാത്തതുവഴി കയറ്റുമതിക്കാര്‍ പണഞെരുക്കം നേരിടുന്നതു മുന്‍നിര്‍ത്തി റീഫണ്ട് നടപടി വേഗത്തിലാക്കും. ജൂലൈ മാസത്തെ റീഫണ്ട് ഈ മാസം 10ന് നല്‍കിത്തുടങ്ങും. ആഗസ്റ്റിലെ റീഫണ്ട് ചെക്ക് 18 മുതല്‍ നല്‍കും. സ്രോതസ്സില്‍നിന്ന് നികുതി കിഴിക്കുന്നതിന്റെ വരുമാന പരിധി 75 ലക്ഷത്തില്‍നിന്ന് ഒരുകോടി രൂപയാക്കി ഉയര്‍ത്തി. കയറ്റുമതിക്കാര്‍ക്കായി ഇവാലറ്റ് സംവിധാനം ഏപ്രില്‍ മുതല്‍ നടപ്പാക്കും.
മുന്‍കാല കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ 0.1 ശതമാനം താല്‍ക്കാലിക നികുതിയായി ഈടാക്കും. കയറ്റുമതിക്കാര്‍ക്ക് ചെറിയൊരു തുക ഇവാലറ്റില്‍ മുന്‍കൂറായി ലഭ്യമാക്കും. നികുതി റീഫണ്ടുമായി പിന്നീട് ഈ തുക തട്ടിക്കിഴിക്കും.
നികുതി അടക്കുന്നതിന്റെ സോഫ്റ്റ്‌വെയര്‍ ശരിയാക്കാന്‍ ആറു മാസത്തെ സാവകാശം വേണ്ടിവരും. അതുവരെ നിലവിലെ രീതി തുടരും.

 

Post Your Comments Here ( Click here for malayalam )
Press Esc to close