100 കോടി വാക്‌സിനേഷന്‍; ആദരവറിയിച്ച് സ്‌പൈസ് ജെറ്റ്

100 കോടി വാക്‌സിനേഷന്‍; ആദരവറിയിച്ച് സ്‌പൈസ് ജെറ്റ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഭാരത ജനതയ്ക്ക് 100 കോടി വാക്‌സിനേഷന്‍ നല്‍കി നേട്ടം ആഘോഷമാക്കുകയാണ് ഓരോ മേഖലയും. പ്രധാനമന്ത്രിയുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ അവരുടെ ബോയിങ് 737 വിമാനത്തില്‍ പതിപ്പിച്ചാണ് സ്‌പൈസ് ജെറ്റ് രാജ്യത്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്കുചെര്‍ന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, സഹമന്ത്രി ഭാരതി പ്രാവീണ്‍ പവാര്‍ എന്നിവരും സ്‌പൈസ് ജെറ്റ് സിഎംഡി അജയ് സിംഗും ചേര്‍ന്നാണ് പുതിയ ഡിസൈന്‍ പുറത്തിറക്കിയത്.

100 കോടി വാക്‌സിനേഷന്‍ രാജ്യത്തിന് മുഴുവന്‍ അഭിമാനം നല്‍കുന്ന നിമിഷമാണെന്നും രാജ്യത്തിന്റെ നേട്ടമാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. കൊറോണ വൈറസ് പരാജയപ്പെട്ട് രാജ്യം വിജയിക്കുമെന്ന കാര്യം യാതൊരു സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

279 ദിവസം കൊണ്ട് 100 കോടി വാക്‌സിനേഷന്‍ എന്നത് ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്‌നത്തിന്റെയും ജനങ്ങളുടെ സഹകരണത്തിന്റെയും തെളിവാണെന്നും
ഈ വിശിഷ്ടനിമിഷത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആവേശം ഒരിക്കലും നശിക്കരുതെന്നും ഇന്ത്യയുടെ വാക്‌സിനേഷന്‍ ദൗത്യത്തിനുളള സ്‌പൈസ് ജെറ്റിന്റെ ആദരമാണ് വിമാനത്തിലെ പുതിയ ഡിസൈന്‍ എന്നും അജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close