ലോട്ടറി നികുതി 28 ശതമാനമാക്കും

ലോട്ടറി നികുതി 28 ശതമാനമാക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കേരളത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ ലോട്ടറിയുടെയും അന്യസംസ്ഥാന സ്വകാര്യ ലോട്ടറികളുടെയും നികുതി 28 ശതമാനമായി ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവില്‍ സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവുമായിരുന്നു നികുതി. മാര്‍ച്ച് 1ന് പുതിയ നികുതി നിലവില്‍ വരും. കേരളത്തിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന തീരുമാനമാണിത്.
ലോട്ടറി നികുതി ഏകീകരിക്കണമോയെന്ന് പ്രത്യേകം പരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഒന്നരമണിക്കൂര്‍ വാദപ്രതിവാദം നടന്നു. യോജിപ്പില്‍ എത്താത്തിനാല്‍ കേരളം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. കേരളത്തെ കൂടാതെ പശ്ചിമബംഗാള്‍, പുതുച്ചേരി, ഡല്‍ഹി, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, സംസ്ഥാനങ്ങള്‍ നികുതി ഏകീകരിക്കുന്നതിനെ എതിര്‍ത്ത് വോട്ടുചെയ്തു.
നേരത്തെ കേരളത്തിനൊപ്പം നിന്ന സംസ്ഥാനമാണ് പഞ്ചാബ്. നികുതി ഏകീകരണം ആവശ്യപ്പെട്ടിരുന്ന മഹാരാഷ്ട്ര ഇത്തവണ ഒപ്പം നിന്നു. എന്‍.സി.പി ധനമന്ത്രി ബി.ജെ.പിക്കെതിരെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നു. പഞ്ചാബും രാജസ്ഥാനും കൂടെ നിന്നിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ തോല്‍പ്പിക്കാമായിരുന്നെന്ന് തോമസ് ഐസക് പറഞ്ഞു. ലോട്ടറി നികുതി ഏകീകരണത്തിന് പിന്നില്‍ ലോട്ടറിമാഫിയയുടെ സ്വാധീനം സംശയിക്കുന്നതായും മന്ത്രി ആരോപിച്ചു.
കേരളത്തിലെ ലോട്ടറി ഘടന പരിഷ്‌കരിക്കും. വില കൂട്ടുന്നതും, സമ്മാനത്തുക കുറക്കുന്നതുമടക്കം ലോട്ടറി മേഖലയിലെ ട്രേഡ് യൂണിയനുകളുമായി ആലോചിച്ച് തീരുമാനിക്കും. കേരളത്തിലേക്ക് അന്യസംസ്ഥാന ലോട്ടറി മാഫിയകള്‍ കടന്നുകയറുന്നത് നിയമപരമായി തടയും. ലോട്ടറി നിയമത്തില്‍ ഭേദഗതിക്ക് കേന്ദ്രത്തിന് കത്തുനല്‍കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close