രൂപയും വിദേശനാണ്യ ശേഖരവും കുറഞ്ഞു

രൂപയും വിദേശനാണ്യ ശേഖരവും കുറഞ്ഞു

വിഷ്ണു പ്രതാപ്
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം 59.37 കോടി ഡോളര്‍ കുറഞ്ഞു. ഇതോടെ ജൂണ്‍ ഒന്നിലെ ശേഖരം 41,223 കോടി ഡോളറായി. മുന്‍ ആഴ്ചകളെ അപേക്ഷിച്ചു ശേഖരം കുറയുന്ന തോത് കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 13ലെ റിക്കാര്‍ഡ് നിലയായ 42,603 കോടി ഡോളറില്‍നിന്ന് ഇതുവരെ 1380 കോടി ഡോളര്‍ കുറവുണ്ടായി. രൂപയുടെ വിനിമയനിരക്ക് കുറഞ്ഞ സാഹചര്യത്തിലാണു ശേഖരം ഇടിഞ്ഞത്.
രൂപയുടെ നിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വിറ്റഴിച്ചു. എന്നിട്ടും വലിയ ഫലമുണ്ടായില്ല. ക്രൂഡ് ഓയില്‍ വിലക്കയറ്റവും അതേ തുടര്‍ന്നു വ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിക്കുന്നതും കണക്കാക്കിയാണു വിപണിയില്‍ രൂപയുടെ വിനിമയനിരക്ക് താണത്. ഡോളര്‍ 68.42 രൂപവരെ കയറിയിട്ട് 66.91 വരെ താണതാണ്. ഈയാഴ്ച വീണ്ടും ഡോളര്‍ കയറി. ഇന്നലെ ഡോളര്‍ നിരക്ക് 38 പൈസ വര്‍ധിച്ച് ഡോളറിന് 67.50 രൂപയായി.
വികസ്വര രാജ്യങ്ങളില്‍നിന്നു പാശ്ചാത്യനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതാണു പ്രശ്‌നം രൂക്ഷമാക്കുന്നത്. ഈ രാജ്യങ്ങളിലെ ഓഹരികളിലും കടപ്പത്രങ്ങളിലും നിന്നു പണം പാശ്ചാത്യരാജ്യങ്ങളിലേക്കു തിരിച്ചുകൊണ്ടുപോകുകയാണ്. നേരത്തേ പലിശനിരക്ക് താഴ്ത്തി നിര്‍ത്തിയും കടപ്പത്രങ്ങള്‍ തിരിച്ചുവാങ്ങിയും പാശ്ചാത്യ കേന്ദ്ര ബാങ്കുകള്‍ വിപണിയിലേക്കു പണം ഒഴുക്കിയിരുന്നു. ഒരു വര്‍ഷമായി അതു മാറ്റി. പലിശ കൂട്ടാനുള്ള നടപടികളിലാണ് ആ രാജ്യങ്ങള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close