അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സംസ്ഥാനസര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കുന്നു

അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സംസ്ഥാനസര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കുന്നു

ഫിദ-
കൊച്ചി: അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണം ഒഴിവാക്കുന്നു. ഈ ബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ നിയമഭേദഗതി കൊണ്ടുവരും. ഇതിനുള്ള കരടുബില്‍ തയ്യാറാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിവരശേഖരണം കേന്ദ്ര ധനമന്ത്രാലയം പൂര്‍ത്തിയാക്കി.
സഹകരണ ബാങ്കുകളിലെ ഇരട്ടനിയന്ത്രണം ഒഴിവാക്കണമെന്നത് റിസര്‍വ് ബാങ്കിന്റെ ദീര്‍ഘകാല ആവശ്യമാണ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവയാണ് അര്‍ബന്‍ ബാങ്കുകള്‍. എന്നാല്‍, ബാങ്കിംഗ് കാര്യങ്ങളിലെ റിസര്‍വ് ബാങ്കിന്റെ പൊതുകാര്യങ്ങള്‍ മാത്രമാണ് അര്‍ബന്‍ ബാങ്കിന് ബാധകമാകുക. ബാക്കി നിയന്ത്രണം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഇതിലാണ് മാറ്റംവരുത്തുന്നത്.
പുതിയ വ്യവസ്ഥയനുസരിച്ച് അര്‍ബന്‍ ബാങ്കുകളില്‍ പരിശോധന നടത്താനുള്ള പൂര്‍ണ അധികാരം റിസര്‍വ് ബാങ്കിനാകും. ഭരണസമിതി തെരഞ്ഞെടുപ്പ്, ഭരണപരമായ കാര്യങ്ങളിലുള്ള നിര്‍ദേശം എന്നിവ മാത്രമാക്കി സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അധികാരം പരിമിതപ്പെടുത്തും. വാണിജ്യബാങ്കുകള്‍ക്കുള്ള എല്ലാ നിബന്ധനകളും അര്‍ബന്‍ ബാങ്കിനു ബാധകമാകും.
മൂലധനപര്യാപ്തത ഉറപ്പുവരുത്താന്‍ ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ ബേസല്‍3 മാനദണ്ഡം അര്‍ബന്‍ ബാങ്കുകളും പാലിക്കേണ്ടിവരും. അര്‍ബന്‍ ബാങ്കുകളിലെ സഹകരണ വകുപ്പിന്റെ ഓഡിറ്റ് അസാധുവാകും. സംസ്ഥാനത്ത് സഹകരണ ഓഡിറ്റ് വകുപ്പിലെ നൂറിലധികം ഉദ്യോഗസ്ഥര്‍ അര്‍ബന്‍ ബാങ്കുകളിലുണ്ട്. ഇവരുടെ സേവനം ഇനി വേണ്ടിവരില്ല. കേരളബാങ്ക് വന്നതോടെ ജില്ലാബാങ്കുകളിലെ 79 ഓഡിറ്റര്‍മാര്‍ പുറത്താവുന്ന സ്ഥിതിയുണ്ട്. അതിനു പുറമേയാണിത്.
സഹകരണ ബാങ്കിംഗ് മേഖലയില്‍ അര്‍ബന്‍ ബാങ്കുകളാണ് ശക്തം. 20,000 കോടിരൂപയുടെ ബാങ്കിംഗ് ബിസിനസ് നടത്തുന്ന അര്‍ബന്‍ ബാങ്കുകളെ വാണിജ്യബാങ്കുകളാക്കി മാറ്റണമെന്ന് 2015ല്‍ ആര്‍. ഗാന്ധി അധ്യക്ഷനായ സമിതി റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതനുസരിച്ചാണ് പുതിയ ഭേദഗതി. ഇതില്‍ 20,000 കോടിയെന്ന പരിധി ഉണ്ടാകാനിടയില്ല. കുറഞ്ഞ ബിസിനസ് നടത്തുന്ന ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ പരിധിയിലാകും.
അര്‍ബന്‍ ബാങ്കുകള്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തനപരിധിയുണ്ട്. ഇതും ഒഴിവാക്കിയേക്കും. ഒരു വാണിജ്യബാങ്കിനു സമാനമായി അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ഇന്ത്യയിലെവിടെയും പ്രവര്‍ത്തിക്കാനാകണമെന്നാണ് റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിര്‍ദേശം. ഇത് എത്രത്തോളം ധനമന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്ന് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതോടെമാത്രമേ ബോധ്യമാകൂ.

Post Your Comments Here ( Click here for malayalam )
Press Esc to close